സർപ്പപ്പാട്ട്
കാറ്റത്ത് വീഴുന്ന ഉണങ്ങിയ ആലിലകൾ കൊണ്ട് ആവൃതമായിരുന്നു ആ നാഗത്തറ. അവിടെ നാഗരാജാവില്ല. തിരി തെളിയിക്കാറില്ല. അവിടത്തെ മൂർത്തികളെ ക്ഷേത്രത്തിനകത്തേക്ക് കുടിയിരുത്തിയിരുന്നു. പക്ഷേ ആൽമരച്ചുവട്ടിൽ മണ്ണിനോട് ചേർന്ന് കാറ്റും വെയിലും കൊണ്ട് കഴിയേണ്ടവരല്ലേ നാഗങ്ങൾ? അവിടെ ബാക്കി വെച്ച കല്ലുകളിൽ, ആവാഹനത്തിന് വന്ന തന്ത്രിയുടെ കണ്ണു വെട്ടിച്ച് സ്വന്തം മണ്ണും വിണ്ണും വെടിയാൻ മടിച്ച ഒരു നാഗം ഇപ്പോഴും നിലകൊള്ളുന്നുണ്ടാവണം. ശിഷ്ട കാലം ഒരു കൂട്ടില്ലാതെ, സന്ധ്യക്ക് തിരിയില്ലാതെ, അന്ധകാരത്തിൽ വിരാജിക്കുന്നവൻ. ഉച്ച പൂജ കഴിഞ്ഞ് നടയടച്ചതിന് ശേഷം അവിടെ ഒളിച്ചു കളിക്കാൻ വരുന്ന കുഞ്ഞുട്ടൻ മാത്രമായിരിക്കണം അവന് കൂട്ട്. തിരിച്ചറിഞ്ഞില്ലെങ്കിലും തെല്ലും പേടിയില്ലാതെ ആ നാഗത്തറയ്ക്ക് പിന്നിൽ ഒളിച്ചിരിക്കുമ്പോൾ ആ പിഞ്ചു കരങ്ങൾ തൊട്ടതാണ് വർഷങ്ങൾക്ക് ശേഷം അവിടെ നടന്ന കര സ്പർശം. ആ മനസ്സിൻ്റെ നിഷ്കളങ്കത, ആയിരം പൂജകൾക്കും, അഭിഷേകങ്ങൾക്കും സമം. നൂറും പാലും ഇല്ല, മഞ്ഞൾ പൂശിയിട്ടില്ല. പക്ഷേ ആ സൗഹൃദം എന്നും നില നിൽക്കും. ലോകത്തെവിടെ പോയാലും കുഞ്ഞുട്ടന് കാവലായി ഉണ്ടാകും ആ നാഗം. വർഷങ്ങൾ കഴിഞ്ഞു. പോയ കൊല...