Deja Vu
ദേജാ വു
ആദ്യമായി ചെല്ലുന്നൊരിടം മുൻപ് കണ്ട് പരിചയമുണ്ട് എന്ന തോന്നൽ. അത് വെറും തോന്നലാണോ? അതോ ജന്മാന്തരങ്ങൾക്ക് മുന്നേ കാലം ഒളിപ്പിച്ച ഓർമ്മയുടെ മങ്ങിയ ചായക്കൂട്ടുകളോ?
അങ്ങനെയെങ്കിൽ മനുഷ്യനെ പ്രകൃതിയോട് ആകർഷിക്കുന്നത് അത്തരമൊരു ദേജാ വു ആയിരിക്കണം. കോടാനുകോടി വർഷങ്ങൾക്ക് മുൻപ് കാടിൽ നിന്ന് തന്നെയല്ലേ മനുഷ്യൻ്റെ ഉത്ഭവം. ഇന്ന് നമ്മെ ട്രെക്കിങ്ങ് ചെയ്യാനും സഫാരി നടത്താനും പ്രേരിപ്പിക്കുന്നത് ആധുനിക ജീവിതത്തിൻ്റെ മടുപ്പ് മാത്രമാണെന്ന് തോന്നുന്നില്ല. കാടിൻ്റെ ഉള്ളറകളിൽ നിന്ന് ആരോ നമ്മെ മാടി വിളിക്കുകയല്ലേ ???
ആ വിളി തന്നെയല്ലേ ഒരു കടൽത്തീരത്ത് ചെല്ലുമ്പോഴും കാതോർത്താൽ കേൾക്കുന്നത് ? ഓർമ്മയില്ലേ പണ്ട് ... ഒത്തിരി പണ്ട്.. നാലര ശതകോടി വർഷങ്ങൾക്ക് മുൻപ് കാലാകാലങ്ങളോളം മഴ പെയ്തത്? ആ മഴയിൽ ഒറ്റ കോശമായി നീന്തി നടന്നത് ? പക്ഷേ അന്ന് കടലാസ് വഞ്ചികൾ ഉണ്ടാക്കിയില്ല.
ഫോണിലെ ചാർജ് തീർന്നൊരു രാത്രിയിൽ, അത് വീണ്ടും ജീവൻ വെക്കുന്ന വരെ സമയം ചിലവഴിക്കാൻ ബാൽക്കണിയിൽ ചെന്ന് നിന്നൊന്ന് മാനത്ത് നോക്കിയാലോ? അതേ വിളി കേൾക്കാം. അനേകായിരം കാതങ്ങൾക്കും കാലങ്ങൾക്കും മുൻപേ, ക്ഷീര പഥത്തിനുമപ്പുറം പ്രകാശത്തിൻ്റെ ഉൽപത്തിക്കും മുൻപേ ഒരു കേന്ദ്ര ബിന്ദുവിൽ നിന്നുൽഭവിച്ച ഓംകാരം!!!
Comments
Post a Comment