നിലാവ്
പൂർണ്ണതയിലേക്കടുക്കുന്ന ചന്ദ്രൻ.. ചുറ്റും, കേട്ടു മടുത്ത വർണ്ണനയിലെ പാൽ തുളുമ്പിയ പോലെ, അങ്ങിങ്ങായി വെള്ളി മേഘങ്ങൾ.. പിന്നീടൊന്നു നോക്കിയപ്പോൾ വെള്ളയല്ല. മഴ മേഘങ്ങളാണ്. നിലാവെളിച്ചത്തിൽ തിളങ്ങുകയാണവ.
അങ്ങനെ നോക്കിയിരിക്കെ, ചന്ദ്ര ബിംബത്തിനു കുറുകെ പൊടുന്നനെ പേരറിയാത്ത ഏതോ ഒരു പക്ഷി പറന്നകന്നു. ഒരു ക്യാൻവാസ് ചിത്രം പോലെ. ഈ നിമിഷം നിശ്ചലമായിരുന്നെങ്കിൽ ..
ഹൈ സ്കൂളിൽ പഠിച്ച പിൻ നിലാവിൽ എന്ന പാഠ ഭാഗം ഓർമ്മ വന്നു. സിന്ധു ടീച്ചറുടെ വാക്കുകൾ ചെവിയിൽ അലയടിച്ചു. "പിൻ നിലാവ് എന്നാൽ ക്ഷയിച്ചു കൊണ്ടിരിക്കുന്ന ചന്ദ്രൻ.." പ്രകൃതിയിലെ വശ്യതകളെ കഥാനായകൻ്റെ വിഷാദ മനസ്സിൻ്റെ ബിംബങ്ങളാക്കിയ കഥാകാരനെ വാനോളം പുകഴ്ത്തി. അപ്പോൾ എൻ്റെ മനസ്സിൽ ഉൾത്തിരിഞ്ഞു വന്ന ചിത്രമല്ലേ ഇപ്പോൾ കണ്ടത്? അതേ.. ഇത് തന്നെ. ഇതേ രാത്രിയുടെ തണുപ്പും, ചീവീടിൻ്റെ ഒച്ചയും ഞാൻ അന്നും കേട്ടിരുന്നു.
ഇതിൽ ഏതാണ് ഭൂതകാലം ? ഏതാണ് വർത്തമാനം? അതോ മനുഷ്യന് വളരെ പരിമിതമായ അറിവ് മാത്രമുള്ള സമയ രേഖയിലെ രണ്ട് ബിന്ദുക്കൾ തമ്മിൽ ബന്ധിപ്പിച്ച ഒരു നേർത്ത ചരടിൻെറ പ്രകമ്പനമോ ?
Comments
Post a Comment