ജോനഥൻ കണ്ട കാഴ്ച്ച


പണ്ട് റൊമേനിയയിലേക്ക് ഒരു യാത്ര നടത്തുകയുണ്ടായി. അവിടത്തെ ഉൾ നാടുകളിലേക്ക്. അന്ധവിശ്വാസങ്ങളും മാമൂലുകളും കെട്ടി വരിഞ്ഞ ജീവിതങ്ങൾക്കിടയിലേക്ക്. കൊടിയ തണുപ്പാണ്. എൻ്റെ സിരകളെ ഹരം കൊള്ളിക്കുന്ന ബ്ലാക്ക് മെറ്റൽ സംഗീതത്തെ പറ്റിയും, അതിൻ്റെ ഈറ്റില്ലമായ നോർവെയെ പറ്റിയും ഒരു കലാകാരൻ പറഞ്ഞത് ഓർമ്മ വന്നു. 

"ആറ് മാസം രാത്രിയാണ് ഇവിടെ. ഇത് പ്രകൃതിയുടെ സംഗീതമാണ്. ഇരുട്ടിലടക്കപ്പെട്ട, തണുത്ത് വിറങ്ങലിച്ച, മരണമടഞ്ഞ പ്രകൃതിയുടെ സംഗീതം. എങ്ങും പൈൻ മരങ്ങൾ തിങ്ങി നിറഞ്ഞ മരവിച്ച കാടുകളിലൂടെ നിർത്താതെ വീശുന്ന കാറ്റിൻ്റെ മുരളൽ മാത്രമാണ് ആറ് മാസത്തേക്ക് ഇവിടെ. ഇവിടെ മനസ്സിൻ്റെ ഇരുണ്ട കോണിൽ നിന്നും ഉയർന്ന് വരുന്ന അലർച്ചകളുടെ സംഗീതം ഉത്ഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ"

 നോർവെയിൽ നിന്ന് റൊമേനിയയിലേക്ക് രണ്ടായിരത്തിൽ പരം കിലോ മീറ്ററുകൾ അകലമുണ്ടെങ്കിലും, അവയുടെ ഭൂപ്രകൃതികൾ തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ടെങ്കിലും, റൊമേനിയയിലെ ഞങ്ങൾ പോകുന്ന കാർപ്പേത്ത്യൻ മലനിരകൾ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്നത്, ആ ഇരുളടഞ്ഞ കാടുകൾ തന്നെയാണ്. രണ്ട് എഴുത്തുകാരുടെ കൂടെയാണ് യാത്ര. ഒരാൾ മലയാളിയാണ്. കോട്ടയം പുഷ്പനാഥ്. മറ്റേത് അയർലൻഡ് കാരനാണ്. ബ്രാം സ്റ്റോക്കർ. നൂറ്റി അറുപത്തിൽ പരം വയസ്സുണ്ട് അദ്ദേഹത്തിന്. പക്ഷേ അപ്പോഴും തലയെടുപ്പോടെ അദ്ദേഹം ഞങ്ങളോടൊപ്പം, തനി നാടൻ റൊമേനിയൻ ഭാഷയിൽ പിറുപിറുക്കുന്ന ഗ്രാമീണരോടൊപ്പം ആ കുറുകിയ കുതിര വണ്ടിയിൽ യാത്ര തുടർന്നു. 

ഹരമാണ് ഇത്തരം യാത്രകൾ. ശ്രീ എസ്.കെ പൊറ്റക്കാടിനൊപ്പം നടത്തിയ ആഫ്രിക്കൻ യാത്രയും, ശ്രീ രാജൻ കാക്കനാടനൊപ്പം നടത്തിയ അമർനാഥ് യാത്രയും നൽകിയ ആത്മനിർവൃതി പറഞ്ഞറിയിക്കാൻ കഴിയില്ല. കാണുന്ന കാഴ്ച്ചകളെ വാക്കുകൾ കൊണ്ട് വരച്ചിടാൻ കഴിവുള്ള എഴുത്തുകാർക്ക് പ്രണാമം.

ലണ്ടനിലെ വസ്തു കച്ചവട വ്യവസ്ഥകൾക്ക് തീർപ്പു കൽപ്പിക്കാൻ ഡ്രാക്കുള പ്രഭുവിനെ കാണാൻ പോകുന്ന ജോനാഥൻ ഹാർക്കറുടെ ഡയറിയിലൂടെ, ബ്രാം സ്റ്റോക്കർ വരച്ചു കാട്ടുന്നതും, കോട്ടയം പുഷ്പനാഥ് മലയാളത്തിലേക്ക് തർജ്ജമ ചെയ്തതും, മലയാളികൾക്ക് സുപരിചതമല്ലാത്ത കിഴക്കൻ യൂറോപ്പിൻ്റെ ജീവിതങ്ങളുടെ വാങ്മയ ചിത്രങ്ങൾ കൂടിയാണ്. ബിസ്ട്രിസ്സിൽ നിന്നും ബോർഗോ പാസിലേക്ക് കുതിര വണ്ടിയിൽ റൊമേനിയൻ ഗ്രാമീണരോടൊപ്പം യാത്ര ചെയ്യുന്ന രംഗം ഒരു ചലച്ചിത്രത്തേക്കാൾ വ്യക്തതയിൽ വരികളിൽ തെളിയുന്നു. ഡ്രാക്കുള കോട്ടയിലേക്കാണ് യാത്ര ചെയ്യുന്നത് എന്നറിയുമ്പോൾ സഹയാത്രികരിൽ ജനിക്കുന്ന ഭീതിയും, അവരുടെ വിളറിയ മുഖവും, പിറുപിറുക്കുന്ന തരത്തിലുള്ള മന്ത്രോച്ഛാരണങ്ങളും, കയ്യിലെ കൊന്തയും ഇന്നും മനസ്സിനെ അലോചനമാത്രയിൽ കിടിലം കൊള്ളിക്കുന്നു. പാതി വഴിയിൽ, സഹയാത്രികർ വിട്ടുപിരിയുമ്പോൾ ജോനാഥൻ അനുഭവിക്കുന്ന ഏകാന്തതയും തണുത്ത കാറ്റും വായനക്കാരനെയും കുളിരു കോരിക്കുന്നു. അതിനു ശേഷം വരുന്ന അതികായനായ , മുഖം വ്യക്തമല്ലാത്ത, തണുത്തുറച്ച കൈകളുള്ള കുതിര വണ്ടിക്കാരനൊപ്പം ഞാനും ആ കുടുസു വണ്ടിയുടെ ഒരു മൂലയിൽ ഒതുങ്ങി കൂടി. ജനവാസ മേഖലകൾക്ക് ഒരുപാടകലെ, കണ്ണെത്താ ദൂരത്ത് പരന്നു കിടക്കുന്ന പാടങ്ങൾക്ക് അരികിൽ കുതിര വണ്ടി നിന്നു. കുതിരക്കാരൻ എങ്ങോട്ടോ മറഞ്ഞു. കുതിരകൾ ചിനയ്ക്കുന്നു. കുതിര വണ്ടിയുടെ ജനാലയിലൂടെ ജോനാഥൻ കണ്ട കാഴ്ച്ച എത്ര സ്വപ്നങ്ങളിലാണ് പിന്നീട് അവതരിച്ചിട്ടുള്ളത്? കുറ്റാ കുറ്റിരുട്ടാണ്. നീണ്ടു പരന്നു കിടക്കുന്ന പാടം. അവിടെ എന്താണാവോ കൃഷി ചെയ്യുന്നത്. കുറച്ചകലെ കോട മഞ്ഞിൻ്റെ ഒരു പടലം. അത് നിശ്ചലമാണ്. പലപ്പോഴും ഈ നിശ്ചലതയാണ് പാഞ്ഞടുക്കുന്നതിനേക്കാൾ ഭീതിജനകം. നിശബ്ദതയാണ് ആക്ക്രോശങ്ങളേക്കാൾ ഭയാനകം. നേരിയ നിലാവിൽ അവിടമാകെ നീലച്ചു കിടന്നു. കാറ്റിൻ്റെ മുരളൽ പോലുമില്ല. പെട്ടെന്ന് ആ രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ചെന്നായയുടെ ഓരി. അതിൻ്റെ എണ്ണം കൂടി വന്നു. അവ അടുത്തേക്ക് ഓടി അടുക്കുന്നു. അവയുടെ കിതപ്പും പല്ലിൻ്റെ ഇരമ്പലും കാതിൽ അലയടിച്ചു. ഹൃദയം നിന്നു പോകുമോ എന്ന് വരെ തോന്നിപ്പോയി ഈ രംഗം വായിച്ചപ്പോൾ.

എന്തായാലും അവസാനമായി വീട് സന്ദർശിച്ചപ്പോൾ ഇതിനെ ഓർമിപ്പിക്കുന്ന ഒരു കാഴ്ച്ച കാണുകയുണ്ടായി. ഒറ്റയ്ക്കാണെങ്കിൽ ട്രെയിനിൽ ആയിരിക്കും യാത്ര. കൊങ്കൺ കാഴ്ചകൾ അതി മനോഹരമെങ്കിലും കേരള അതിർത്തി കഴിഞ്ഞാൽ മനസ്സിന് ഒരു സന്തോഷമാണ്. പതിയെ ജനവാസ കേന്ദ്രങ്ങൾ അടുത്തടുത്ത് കാണപ്പെട്ടു തുടങ്ങും. റെയിലിന് സമാന്തരമായി ഓടുന്ന റോഡുകളും വിരളമല്ല. ഭൂപ്രകൃതിയും വസ്ത്ര ധാരണവും അപ്പാടെ മാറി. സൈക്കിളിൽ ലുങ്കി, അല്ലെങ്കിൽ കാവി മുണ്ട് ഉടുത്ത് സഞ്ചരിക്കുന്ന ഒരു ചേട്ടൻ. തെങ്ങിൻ തോപ്പുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. വടക്ക് ഭാഗത്ത് കണ്ടൽ കാടുകൾ ഒരുപാടുണ്ട്. ബേക്കൽ കോട്ടയുടെ ദൂര കാഴ്ചയും കടൽ കാറ്റും ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി. തിരുവനന്തപുരത്തേക്ക് ഇനിയും പത്ത് മണിക്കൂറിലേറെ നേരമുണ്ടെങ്കിലും വീട്ടിലെത്തിയ പ്രതീതി തന്നെയാണ് കേരളത്തിനകത്ത് കടന്നാൽ.

കാഴ്ച്ചകളൊക്കെ കണ്ട് എപ്പോഴോ മയങ്ങി പോയി. ഉണർന്നപ്പോൾ നേരം സന്ധ്യ മയങ്ങുന്നു. എവിടെയെത്തി എന്നറിയില്ല. പക്ഷേ പായുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് നോക്കിയപ്പോൾ നീണ്ടു കിടക്കുന്ന നെൽ പാടം. അതിനപ്പുറം തെങ്ങിൻ തോപ്പുകൾ. ഇതിനിടയിൽ , എതാണ്ട് മധ്യഭാഗത്തിനും കുറച്ചകലെയായി കോട മഞ്ഞിറങ്ങിയിരിക്കുന്നു. ജനുവരിയിലെ ഒരു തണുത്ത സായാഹ്നമായിരുന്നു അത്. ട്രെയിൻ കൂപ്പയിൽ മറ്റാരുമില്ല. പുറത്തും ആ പരിസരത്തൊന്നും ഒരു മനുഷ്യ ജീവിയെ കാണാനില്ല. മനസ്സ്, കേരളത്തെയും കാർപ്പേത്ത്യൻ ഉൾ നാടുകളെയും കോർത്തിണക്കി. തീവണ്ടിയുടെ ചെകിടടപ്പികുന്ന ശബ്ദത്തിലും ഞാൻ നിശബ്ദത കണ്ടെത്തി. നെഞ്ചു പിടഞ്ഞു. ഇത് തന്നെയല്ലേ ജോനാഥൻ കണ്ട കാഴ്ച്ച! ഇതേ ഏകാന്തതയും, ഭീതിയും, തണുപ്പും തന്നെയല്ലേ അന്ന് രാത്രിയിൽ ആ മനുഷ്യൻ അനുഭവിച്ചത്? കണ്ണുകൾ പരതി. അതികായനായ, മരണത്തിൻ്റെ ആൾ രൂപ സങ്കൽപ്പമായ ആ കുതിരക്കാരനെ. ഇരുട്ടിൻ്റെ രാജകുമാരനെ!

Comments

Popular posts from this blog

Deja Vu

സ്വപ്നം.. സ്വപ്നം മാത്രം

നിലാവ്