സ്വപ്നം.. സ്വപ്നം മാത്രം
ശകുനി എപ്പോഴാണ് പുരാണത്തിൽ അന്തരിച്ചത്?
അദ്ദേഹം പുനർ ജന്മം എടുത്തിരുന്നോ?
എവിടെയോ ഒരു മങ്ങിയ ഓർമ്മ.
ബുദ്ധൻ ഏത് കാലത്താ ജീവിച്ചിരുന്നേ ? ഞാൻ അമ്മയോട് ചോദിച്ചു.
എല്ലാ കാലവും , പുരാണങ്ങളിലെ ചോദ്യങ്ങൾക്ക് ആധികാരികമായി ഉത്തരം നൽകിയിരുന്ന അമ്മ. അതെ ആത്മ വിശ്വാസത്തോടെ മറുപടി തന്നു. വനവാസ കാലത്ത്.
ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. "അപ്പോഴേ ബുധൻ ഉണ്ടല്ലേ?"
"ഉം.." (പിന്നേ.. എന്ന അർഥത്തിൽ)
ബുദ്ധൻ്റെ മരണ വിവരം അറിയിക്കാനായി ആരോ പാണ്ഡവരുടെ വാതിലിൽ മുട്ടി. "നിങ്ങളുടെ മാതാവിൻ്റെ വിയോഗത്തിൽ അച്ഛൻ വന്നിരുന്നു. അച്ഛൻ്റെ മരണ വിവരം ഇവിടെ അറിയിക്കണമെന്ന് പറഞ്ഞിരുന്നു." പാണ്ഡവരും ദ്രൗപതിയും തിരക്കിട്ട് വീട്ടിൽ നിന്നും ഇറങ്ങി.
ചിതയൊരുക്കാനുള്ള അല്പം കിഴിഞ്ഞ പ്രതലത്തിൽ നിറച്ച് ചേമ്പ് ചെടികളായിരുന്നു. പുരാണങ്ങളിൽ കൗതുകകരമായ പല നുറുങ്ങുകളും പോലെ ചേമ്പിനും എന്തെങ്കിലും പ്രസക്തിയുണ്ടാകും. അതെന്താണെന്ന് അറിയാൻ ഞാൻ കാതോർത്തിരുന്നു. അമ്മ കഥ തുടന്നു.
ടക്. ടക്. ടക്.
ആരോ വാതിലിൽ മുട്ടി. ഞാൻ ഉണർന്നു. കേട്ട ശബ്ദം വീടിൻ്റെയോ, കിടപ്പ് മുറിയുടെയോ വാതിലിൽ മുട്ടിയതല്ല.
സ്വപ്നത്തിൻ്റെയും യാഥാർത്ഥ്യത്തിൻ്റെയും വാതിലിൽ ആരോ മുട്ടിയതാണ്. എന്നെ ഉണർത്താൻ. സമയം 04:39.
സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ പരസ്പര വിരുദ്ധവും യാഥാർഥ്യവുമായി ചേർന്നു പോകാത്തതുമാണ്. മഹാഭാരത്തിന് ആസ്പദമായ സംഭവങ്ങൾ അരങ്ങേറിയത് ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പെന്നിരിക്കേ, ശ്രീ ബുദ്ധൻ ജീവിച്ചിരുന്നത് ബി സി. 300 , 500 കാലഘട്ടങ്ങളിലാണ്.
എന്നിരുന്നാലും അമ്മയുടെ കഥ പറച്ചിലും, വാത്സല്യവും, തലോടലും കുഞ്ഞൂട്ടന് ഒന്നു കൂടി അനുഭവിക്കാൻ കഴിഞ്ഞു.
Comments
Post a Comment