പാതിയുറക്കം


വിയർക്കുന്നുണ്ട്. എഴുന്നേറ്റ് ജനൽ തുറന്നിടാനുള്ള ത്രാണി ഇല്ല. കണ്ണുകൾ അടഞ്ഞു പോകുന്നു. ഉറക്കത്തിനും സ്വബോധത്തിനും ഇടയിലുള്ള മായാലോകത്തേക്ക്. അവിടെ ചിന്നി ചിതറിയ ഓർമ്മകളുടെ ചീളുകൾ ഉണ്ട്. വെട്ടിപ്പിടിക്കാൻ പുറപ്പെട്ട സാമ്രാജ്യങ്ങളുടെ മരീജികയുണ്ട്. ആരോടും പറയാതെ ഉള്ളിൽ ഒളിപ്പിച്ച പേടികളുടെ നിഴലുകൾ ഉണ്ട്. ഇവയെല്ലാം തുന്നിച്ചേർത്ത കൂടാരമാണ് അവിടം.

അതിനു പുറത്ത് രാത്രിയാണ്. പക്ഷേ കൂടാരത്തിൻ്റെ വാതിൽ എത്ര തപ്പിയാലും കിട്ടില്ല. അകത്ത് അരണ്ട വെളിച്ചം മാത്രം. പ്രഥമ ദൃശ്യാ ചെറുതെങ്കിലും, പരതും തോറും നീളം കൂടുന്ന, കെട്ടുകൾ രൂപപ്പെടുന്ന അന്ത്യമില്ലാത്ത കീറത്തുണിയുടെ ശീല.

അങ്ങനെ ഭീതിയിൽ പരതുമ്പോൾ. തൊണ്ട വരളും. ഒരു തുള്ളി വെള്ളം കിട്ടിയെങ്കിൽ എന്നാശിച്ചു പോകും. പക്ഷേ ഒന്നനങ്ങാൻ പോലുമാകാതെ ശരീരം തളർന്നു പോയിരിക്കും. അപ്പോഴതാ... വലിയൊരു പാഴ്ക്കുണ്ട്. നിന്നിരുന്ന നിലം പിളർന്ന്, അറ്റമില്ലാത്ത ഭൂഗർഭ ഗുഹയായി അത് രൂപപ്പെട്ട് കഴിഞ്ഞു.

കണ്ണുകൾ അടഞ്ഞു തുറന്നപ്പോഴതാ.. ബാബു സാറിൻ്റെ ഇംഗ്ലീഷ് ട്യൂഷൺ ക്ലാസ്. അദേഹത്തിൻ്റെ പേര് ബാബു എന്നാണെന്ന് വളരെ കാലം കഴിഞ്ഞാണ് അറിയാൻ കഴിഞ്ഞത്. ഒരു പേരിലെന്തിരിക്കുന്നു എന്നാണ് അതറിയാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി. പുറകിലത്തെ നിരയിൽ ഇരിക്കുന്ന എല്ലാവരെയും സാർ മുന്നിലേക്ക് വിളിച്ചു. "അറിവിൻ്റെ അടുത്തേക്ക് വരൂ. ഒരു അമ്പലത്തിലെ വിളക്കുകൾ നിങ്ങൾ ശ്രദ്ധിക്കുക. പുറത്തെ ചുറ്റുവിളക്കുകളുടെ നാളം കാറ്റത്ത് ആടി ഉലഞ്ഞു കൊണ്ടിരിക്കും. പക്ഷേ ശ്രീകോവിലിൽ മൂർത്തിയുടെ മുന്നിലിരിക്കുന്ന നിലവിളക്ക് നിത്യ ജ്യോതിയായി ജ്വലിച്ചു കൊണ്ടിരിക്കും. ഒരു ചാഞ്ചാട്ടം പോലുമില്ലാതെ."

കണ്ണുകൾ വീണ്ടും അടഞ്ഞു തുറന്നു. ഒന്നും വ്യക്തമായി കാണുന്നില്ല. ഗ്രാമ ഫോണോ, റേഡിയോയോ മറ്റോ ഇരമ്പലോടെ പാടാൻ ശ്രമിക്കുന്നുണ്ട്. അതും വ്യക്തമല്ല. ശബ്ദ വീചികൾ കാറ്റിൽ ചിതറി. എങ്ങും കറുപ്പും വെളുപ്പും. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രത്തിൽ എത്തിയ പോലെ. പെട്ടെന്ന് കേട്ടുകൊണ്ടിരുന്ന പാട്ടിന് വ്യക്തത വന്നു. 52 വർഷങ്ങൾക്ക് മുൻപ് ഒരു കൂട്ടം വണ്ടുകൾ (Beatles) മൂളി പാടിയ വിശ്വ വിഖ്യാത ഗാനമായിരുന്നു അത്. "Let it be"
അതിങ്ങനെ പാടി.
"When I find myself in times of trouble..
Mother Mary comes to me.
Speaking words of wisdom..
Let it be.."

കണ്ണുകൾ വീണ്ടും അടഞ്ഞു തുറന്നപ്പോൾ മുന്നിൽ കന്യാമറിയം. ഒന്നങ്ങാൻ പോലുമാകാതെ കിടന്ന എൻ്റെ മുടിയിൽ കൈകൾ കൊണ്ട് തലോടി. നെറ്റിയിൽ ചുംബിച്ചു. രണ്ടു നാൾ കഴിഞ്ഞെത്തുന്ന ക്രിസ്തുമസ് ദിനത്തിൽ അത്ഭുദം സംഭവിക്കുമെന്ന് ചെയിവിൽ മന്ത്രിച്ച് മാഞ്ഞ് മറഞ്ഞു.

ശരീരം ഭാരമില്ലാതായിരിക്കുന്നു. അതേ.. അത് സംഭവിക്കുകയാണ്. ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. സ്വപ്നങ്ങളുടെ കൂടാരത്തിൽ നേരത്തെ രൂപപ്പെട്ട അഗാധ ഗർത്തത്തിലേക്ക് ഞാൻ വീഴുകയാണ്. Hypinc Jerk എന്നാണത്രേ അതിന് പറയുക. ആ ഉപബോധ മനസ്സിനും ഉറക്കത്തിനും ഇടയിലുള്ള വീഴ്ചയുടെ ആന്തലിന് ഒരു ലഹരിക്കും തരാൻ കഴിയാത്ത മത്തുണ്ട്... ആഹാ.. ഇനി ഉറങ്ങാം..

Comments

Popular posts from this blog

Deja Vu

സ്വപ്നം.. സ്വപ്നം മാത്രം

നിലാവ്