ചിറക്
ഇടയ്ക്കിടക്ക് ഫോൺ തുറന്ന് നോക്കി. ആരെങ്കിലും ലൈക്ക് ചെയ്തിട്ടുണ്ടോ എന്ന്. ഒരു പത്തിരുപത് പേർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. കുഞ്ഞനിയൻ പറഞ്ഞ് തന്ന അടവുകൾ പരമാവധി പയറ്റിയിട്ടും ലൈക്കുകളുടെ എണ്ണം കൂടുന്നില്ല. ദിവസം ഒരു പോസ്റ്റ് വെച്ച്, ഒരേ പ്രമേയത്തിൽ, നല്ല ക്ലാരിറ്റിയോടെ ചേർത്താൽ സംഭവം കത്തിക്കയറും എന്നവൻ ഉറപ്പ് പറയുന്നു.
നോക്കാം..
ഓരോ തവണ ഫോൺ തുറന്ന് നോക്കുമ്പോഴും ആ ചിത്രത്തിൻ്റെ ഭംഗി ആസ്വദിച്ചു. പണ്ട് താമസിച്ചിരുന്ന വീടിന് ചുറ്റും നടക്കാൻ ഇറങ്ങിയപ്പോൾ പകർത്തിയതാണ്. ഒരു ഗ്രാമപ്രദേശമായതിനാൽ , ആ ഒരൊറ്റ നടത്തത്തിൽ പത്തിലധികം പക്ഷികളുടെ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞു. ഇപ്പോൾ അവിടെ നിന്നും മാറി, അൽപ്പം നഗരത്തോട് ചേർന്നാണ് താമസം. ജീവിതത്തിലെ ഒരു ചെറിയ അപ്പ്ഗ്രേഡ്. അഭിമാനം തോന്നി. ഒപ്പം ആ ഗ്രാമത്തെയും, കുന്നുകളിലേക്ക് താഴ്ന്നിറങ്ങുന്ന സൂര്യാസ്തമയം കാണാൻ കഴിയുന്ന ബാൽക്കണിയേയും ഓർത്ത് ഗൃഹാതുരത്വവും.
അമ്മ വീണ്ടും ആശുപത്രിയിലാണ്. അതിനാൽ നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിലാണ് ഇന്ന്. ഈയിടെ സ്വന്തമായി, സ്വസ്ഥമായി അൽപ്പം സമയം ചിലവഴിക്കുന്നത് ഇത്തരം ട്രെയിൻ യാത്രകളിൽ മാത്രമാണ്. കൂട്ടിന് ഈയിടെയായി എഴുതാൻ തുടങ്ങിയ ഡയറിയും പേനയും, എം മുകുന്ദനും (മയ്യഴി), എം.ടി യും (വാരണാസി) ഉണ്ട്. പൊതുവേ യാത്രകളോടും പ്രത്യേകിച്ച് ഹിമാലയത്തോടും കമ്പമുള്ളതിനാൽ ഇത്തരം നോവലുകൾ ആണ് വായിക്കാൻ ശ്രമിക്കാറ്. മനുഷ്യരോടൊപ്പം ഒരു ദേശവും കഥാപാത്രമാകുന്ന വിസ്മയം.
ഉച്ചഭക്ഷണം വൈകി. കഴിച്ച് അധികം വൈകാതെ മയങ്ങി. സ്വകാര്യത ആവശ്യമായതിനാൽ സൈഡ് ബെർത്ത് ആയിരുന്നു തിരഞ്ഞെടുത്തത്. കണ്ണ് തുറന്നപ്പോൾ കണ്ടത് അസ്തമയ സൂര്യൻ മായ്ക്കാൻ മറന്ന ചായക്കൂട്ടുകൾ. അങ്ങേ അറ്റത്ത്, ചക്രവാളത്തിനരികിൽ ചുവപ്പ്. അവിടന്നിങ്ങോട്ട് ചുവപ്പിൻ്റെ പല വേഷപ്പകർച്ചകൾ. അത് നീലയിൽ ലയിക്കുന്നു. അത്ഭുദം തന്നെ !!!! വിശ്വവിഖ്യാത ചെറുകഥയായ "ലിറ്റിൽ പ്രിൻസ്" ഓർമ്മ വന്നു. അതിലെ അന്യ ഗ്രഹത്തിൽ നിന്നു വന്ന രാജകുമാരൻ സൂര്യാസ്തമയത്തെ വർണ്ണിക്കുന്നു. അവൻ്റെ ഗ്രഹം ചെറുതാണ്. അൽപ്പം ഒന്ന് നീങ്ങിയാൽ താഴന്നിറങ്ങിയ സൂര്യനെ വീണ്ടും കാണാം. ഒരു ദിവസം തന്നെ മതി വരുവോളം സൂര്യാസ്തയം. എല്ലാ മനുഷ്യർക്കും ഈ മായക്കാഴ്‌ച്ച ആസ്വദിക്കാനായാൽ ലോകത്തെ പല പ്രശ്നങ്ങളും ഉണ്ടാകില്ല എന്നതിൽ പ്രതിപാദിക്കുന്നു.
പെട്ടെന്നാണ് ഈ നിറക്കൂട്ടുകൾ വേറെ എവിടെയോ കണ്ടതായി മനസ്സിൽ തട്ടിയത്. നീലയും അതിൽ ചേരുന്ന മങ്ങിയ മഞ്ഞ നിറവും. അതെ.. ഇത് നമ്മുടെ ചെറു കളിയുടെ ചിറകുകൾ തന്നെ. കുഞ്ഞു കിളി തൻ്റെ ചിറകുകൾ കൊണ്ട് ഭൂമിയെ പൊതിഞ്ഞ് നിർത്തിയ പോലെ. ഇവിടെ സുരക്ഷിതമാണ്. അമ്മക്കിളിയുടെ ചൂടേറ്റ്, ചിറകിനു കീഴിൽ, ലോകത്തൊന്നിനേയും കൂസാതെ അന്ത്യമില്ലാത്ത ട്രെയിൻ യാത്ര. കൂട്ടിന് കഥകളും, പേനയും സംഗീതവും..
Comments
Post a Comment