ഇരുട്ട്
പ്രിയ കൂട്ടുകാരൻ യാത്ര പറഞ്ഞ് പിരിയാറായപ്പോൾ ഉള്ള് പിടഞ്ഞു. അവനെ പിരിയുന്നതിനേക്കാൾ ഞാൻ ഇനി എങ്ങോട്ട് പോകും എന്നോർത്ത്!! ആറര മണി ആയിട്ടുണ്ടാവും. ഞങ്ങൾ ഭക്ഷണം കഴിച്ച കഫേയുടെ പുറത്തുള്ള ചായക്കടയിൽ ഒരു പത്ത് പതിനഞ്ച് മിനിറ്റ് നേരം വലിച്ചിഴച്ചു. പിന്നെയും അവൻ്റെ ബൈക്കിൻ്റെ അടുത്ത് നിന്ന് അവസാന ഘട്ട സംഭാഷണം. അതിനിടയിൽ മറ്റൊരു സുഹൃത്ത് തിരക്കിലാണോ എന്ന് ഫോൺ ചെയ്തൊന്ന് തിരക്കി. രക്ഷയില്ല. അവൻ ഡ്യൂട്ടിയിലാണ്. ഒടുവിൽ ബൈക്കിൽ കയറി സവാരി തുടങ്ങി. പോകുന്ന വഴിയിൽ ചിന്ത മുഴുവൻ ഇനി എവിടെ സമയം ചിലവഴിക്കും എന്നായിരുന്നു. തിരുവനന്തപുരത്തുകാരുടെ പ്രിയ സായാഹ്ന സമ്മേളന സ്ഥാനമായ മ്യൂസിയം കോംപ്ലക്സിൽ പോയാലോ ? അല്ലെങ്കിൽ കനകക്കുന്ന് ?
ബൈക്ക് ശാസ്തമംഗലത്തു നിന്നും വെള്ളയമ്പലത്തേക്ക് തിരിഞ്ഞു ഇടത്തേക്ക്. അവിടെ ആൽത്തറ ഭഗവതി ക്ഷേത്രം കണ്ടു. അതിനപ്പുറത്താണ് ഈ നഗരത്തിൽ ആദ്യമായി ചെക്കേറിയപ്പോൾ പഠിച്ച വിദ്യാലയം. പലപ്പോഴും അമ്പലത്തിൽ തൊഴുതതിന് ശേഷമാണ് സ്കൂളിൽ പോകാറ്. ഇവിടെ ഇറങ്ങിയാലോ ? ചിന്തകൾ മാത്രം പുലമ്പി. ശബ്ദം പുറത്ത് വന്നില്ല. മാനവീയം വീഥി കണ്ടു. ഇവിടെ ഇറങ്ങിയാലോ ? വേണ്ട. അവിടെ കൃത്രിമത്വം തുന്നി ചേർത്ത പോലെ. പഴയ വൈകാരികത നഷ്ടപ്പെട്ട പോലെ.
അപ്പോഴാണ് ഞങ്ങൾ ഹൈ സ്കൂൾ പഠിച്ച പള്ളിക്കൂടം വന്നെത്തിയത്. നേരത്തെ പറഞ്ഞ സ്കൂൾ തന്നെ. പക്ഷേ ഹൈ സ്കൂൾ ക്ലാസുകൾ അല്പം മാറിയായിരുന്നു സ്ഥിതി ചെയ്തിരുന്നത്. മെയിൻ റോഡിൽ നിന്നും അൽപ്പം ഉള്ളിലാണ്. അവൻ ചോദിച്ചു. "ഡേയ്.. പോയാലോ ?" നൂറു വട്ടം സമ്മതം. വണ്ടി ഇടത്തേക്ക് തിരിഞ്ഞു. ചെറിയ മാറ്റങ്ങൾ. ഒന്ന് രണ്ട് പുതിയ കടകൾ വന്നിട്ടുണ്ട്. അരണ്ട വെളിച്ചത്തിൽ അങ്ങിങ്ങായി മിന്നുന്ന മാല ബൾബുകൾ തൂക്കിയ കഫേ ആയിരുന്നു ഒരെണ്ണം. അതാണിന്ന് യുവാക്കൾക്കിഷ്ടം. ചുറ്റും വീടുകൾ ഉള്ള ഒരു ഹൗസിംഗ് സൊസൈറ്റിയിൽ ഒരു ചെറിയ സ്കൂൾ. അവിടെ അങ്ങിനെ ഒരു സ്കൂൾ ഉള്ളതായി പോലും പലർക്കും അറിയില്ല. വിദ്യാഭ്യാസ ബന്ദ് ഉള്ള ദിവസങ്ങളിൽ സമരക്കാർ പോലും അങ്ങോട്ട് വരാറില്ല.
അതിൻ്റെ ഗേറ്റിൻ്റെ അടുത്ത് വരെ ചെന്നു. ചെറിയ മാറ്റങ്ങൾ. ഒരു വലിയ നാലോ അഞ്ചോ നിലകൾ ഉള്ള കോൺക്രീറ്റ് കെട്ടിടവും അതിനു മുന്നിൽ ഓല മേഞ്ഞ ചെറിയ ഒറ്റ വരി ക്ലാസ് മുറികളും അടങ്ങുന്നതായിരുന്നു അത് പണ്ട്. ഓല മേഞ്ഞത് എന്നൊക്കെ പറയുമ്പോൾ ഒരുപാട് പഴയതല്ല. എനിക്ക് അത്രയും പ്രായവുമായിട്ടില്ല. 2005-2007 കാലഘട്ടം ആണ്. പിന്നീടത് ഓല മാറ്റി മെറ്റൽ ഷീറ്റ് ഇട്ടതായി കണ്ടിട്ടുണ്ട്. അവിടന്ന് പഠിച്ചിറങ്ങിയ ശേഷമാണ്. എന്തെങ്കിലും ആവശ്യത്തിന് അത് വഴി പോകുമ്പോൾ സ്കൂൾ മുറ്റം വരെ പോകുന്നത് ഒരു ശീലമായിരുന്നു. ഇപ്പോൾ ആ നിര തന്നെ അവിടെ ഇല്ല. പൊളിച്ചു മാറ്റിയിരിക്കുന്നു. വലിയ കോൺക്രീറ്റ് കെട്ടിടം മാത്രമേ ഉള്ളൂ. അൽപ നേരം സ്കൂൾ ഓർമ്മകളെ അയവിറക്കി അവിടെ നിന്നും തിരിച്ചു. ചുറ്റും വീടുകൾ ആയത് കൊണ്ട്, സംശയാസ്പദമായ സാഹചര്യത്തിൽ ബൈക്കിൽ രണ്ട് യുവാക്കളെ കണ്ട് ആളുകൾ പരിഭ്രാന്തരാകണ്ട!!!
ബൈക്ക് ശ്രീമൂലം ക്ലബും, ടാഗോർ തിയേറ്ററും, ട്രിവാൻഡ്രം ക്ലബും പിന്നിട്ടു. മനസ്സ് വീണ്ടും പിടഞ്ഞു. എനിക്ക് ഇറങ്ങാറായിരിക്കുന്നു. എങ്ങോട്ട് പോകും ? വേർപിരിയേണ്ട വഴുതക്കാട് ജങ്ഷനിൽ അവൻ വണ്ടി നിർത്തി. ഇറങ്ങി അവനെ ആശ്ലേഷിച്ച് ഒരിക്കൽ കൂടി യാത്ര പറഞ്ഞു. അവൻ ചോദിച്ചു. "നീ ഇനി നേരെ വീട്ടിലേക്കാ ???"
വീട്!!!
"ആ.." എന്ന് മൂളി ഞാൻ നടന്നു.
വീടെന്നു പറയുമ്പോൾ പൂണെയിലെ വാടക വീടാണ് മനസ്സിൽ. ഇവിടെയുള്ളത് വീടെന്ന സങ്കൽപ്പത്തിൽ നിന്നും അകന്ന് പോയിരിക്കുന്നു. വീടിനും, അങ്ങോട്ട് പോകുന്ന റോഡിനും, ഈ നഗരത്തിന് തന്നെയും ഇരുട്ട് ബാധിച്ച പോലെ. എങ്ങും ഇരുട്ടാണ്. അതോ കൂടുതൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകൾ കാണുന്ന എൻ്റെ കണ്ണിൻ്റെ ചാപല്ല്യമോ?
പണ്ട് വീട്ടിൽ വന്നു കയറുമ്പോൾ ചന്ദനത്തിരിയുടെ മണമായിരുന്നു. ടി.വി. ചിലയ്ക്കുന്നുണ്ടാകും, അടുക്കളയിൽ നിന്നും കുക്കറിൻ്റെ വിസിൽ, സാമ്പാറിൻ്റെ മണവും, അമ്മയുടെ റേഡിയോയും. മെയിൻ റോഡിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ വഴി വിളക്കുകൾ ഇല്ലെങ്കിൽ പോലും വീടുകളിൽ നിന്നുള്ള വെളിച്ചം മതിയാകും. എല്ലാ വീട്ടിൽ നിന്നും എന്തെങ്കിലും ഒച്ചയും അനക്കവും. ടിവി യുടെ, പൂജാ മണിയുടെ, അമ്മൂമ്മമാരുടെ മന്ത്രോച്ഛാരണത്തിൻ്റെ, അമ്മയുടെ, അച്ഛൻ്റെ ശാസനകളുടെ. വഴിയരികിൽ ഒരു ഒട്ടോയിലും, രണ്ട് ബൈക്കുകളിലായി തിങ്ങി നിറഞ്ഞിരിക്കുന്ന ഏഴെട്ട് യുവത്വങ്ങൾ, അവരെ കണ്ട് പഠിക്കുന്ന കുട്ടികൾ. വളവ് തിരിയുമ്പോൾ വീടിന് കാവൽ നിൽക്കുന്ന പട്ടിയുടെ കുര. ട്യൂഷന് പോയി മടങ്ങി വരുന്ന കുട്ടികൾ. അങ്ങിനെ അവിടമാകം സജീവമായിരുന്നു.
ഇന്നിതൊന്നും ഇല്ല. മിക്ക വീടുകളിലെയും കുട്ടികൾ വലുതായി ഉദ്യോഗത്തിനായി മറുനാട്ടിലാണ്. സന്ധ്യ മയങ്ങുമ്പോൾ തന്നെ എല്ലാ വാതിലുകളും അടയുന്നു. സന്ധ്യാ ദീപങ്ങളില്ല. നാമജപമില്ല. വീട് കാക്കുന്ന പട്ടികൾ മാത്രം ഇപ്പോഴും കുരയ്ക്കുന്നു. വീടിലേക്കിറങ്ങുന്ന ഇടുങ്ങിയ വഴി കാണുമ്പോൾ ഭയമാണിപ്പോൾ. അബോധാവസ്ഥയിൽ അമ്മയെ എടുത്ത് കൊണ്ട് പോകാൻ തടസ്സമാണത്. വീടിനുള്ളിൽ കാതടപ്പിക്കുന്ന നിശബ്ദത.
ഒരു ഓട്ടോ പിടിച്ചു. പൂജപ്പുര ചിത്രാ നഗറിൽ പോകാൻ ആവശ്യപ്പെട്ടു. പ്രതീക്ഷിച്ച പോലെ തന്നെ മെയിൻ റോഡിൽ നിന്ന് ഉള്ളിലേക്ക് അധികം പോകണമോ എന്ന ആശങ്ക അയാൾ പ്രകടിപ്പിച്ചു. മനസ്സിൽ മുഴുവൻ ചിന്തകളായിരുന്നു. ഈ നഗരത്തിനാണോ എനിക്കാണോ മാറ്റം എന്ന സംശയം ബാക്കി.
മനസ്സ് ഇതിലും ആശയക്കുഴപ്പത്തിലായിരുന്ന കാലത്ത് അഭയം തേടി പോയ ഒരിടമുണ്ട്. അങ്ങോട്ട് തന്നെയാണ് പോകേണ്ടത്. യുക്തിയുടെ കവചം പൊട്ടിച്ചെറിഞ്ഞു കൊണ്ട്. ഒട്ടോക്കാരന് അതിനുള്ള മാർഗ നിർദേശം കൊടുത്തു. "ചേട്ടാ . ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിലേക്ക് പോകട്ടെ !"
പണ്ട് നടന്നായിരുന്നു പോകാറ്. പിന്നെ സൈക്കിളിൽ ആയി. പിന്നെ സ്കൂട്ടറിൽ. എല്ലാ കാലത്തും അങ്ങോട്ടോടാൻ മനസ്സിനെ പിടിച്ചുലച്ച എന്തെങ്കിലുമൊന്ന് ഉണ്ടായിരുന്നു. പിച്ച വച്ച കാലം മുതൽ ഓരോ പേടി. ഇപ്പോഴും പേടി. ഇപ്പോഴും ഓടുന്നു. ഇതിനെയായിരിക്കണം ചൈൽഡ്‌ഹുഡ് ട്രോമ എന്നൊക്കെ പറയുന്നത്.
എന്നാലും ഇന്നങ്ങോട്ട് നടന്ന് പോകണമെന്ന് തോന്നി. പൂജപ്പുര ജങ്ഷൻ കഴിഞ്ഞ് പാതി വഴിയിൽ വണ്ടി നിർത്തി ഇറങ്ങി നടന്നു. റോഡ് മുറിച്ച് കടന്നു. വഴിയരികിൽ വന്ന മാറ്റങ്ങൾ ഉൾകൊണ്ടങ്ങനെ നടന്നു. അൽപ്പം നടന്നപ്പോൾ റോഡിൻ്റെ മാറു വശത്ത് തമ്പി സർ. ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ റോഡിൻ്റെ ഇപ്പുറത്തായത് നന്നായി എന്ന് തോന്നി. വർഷങ്ങളായി കണ്ടിട്ട്. കണ്ടാൽ, മിണ്ടാതെ പോകാൻ പറ്റില്ല. ഇത് വരെ കാണാൻ ചെല്ലാഞ്ഞതിൻ്റെ കുത്ത് വാക്കുകൾക്ക് മറുപടി കൊടുക്കേണ്ടി വരും. ഇപ്പോഴുള്ള ഉദ്യോഗത്തിൻ്റെയും ശമ്പളത്തിൻ്റെയും കണക്കുകൾ നിരത്തി ജീവിതത്തിൽ സന്തുഷ്ടനാണെന്ന് കള്ളം പറയേണ്ടി വരും. വേണ്ട. നടന്നു.
അമ്പലത്തിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. റോഡ് പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. പണ്ടേ ഇതാണ് പ്രിയപ്പെട്ട സമയം. ദീപാരാധന കഴിഞ്ഞ് ആളുകൾ ഒഴിയുന്ന സമയം. ഞാനും മൂർത്തിയും മാത്രം. ദീപാരാധന കഴിഞ്ഞ് പോകുന്ന ആളുകളിൽ അന്ന് തൊട്ടേ കാണുന്ന മുഖം കണ്ടു. അദ്ദേഹത്തിൻ്റെ മുടി നരച്ചിരിക്കുന്നു. പക്ഷേ പണ്ടത്തെ അത്ര ആളുകളില്ല. അന്ന് വാർദ്ധക്യം എത്തിയവർ, മധ്യ വയസ്‌കർ, യുവാക്കൾ, കുട്ടികൾ. എല്ലാവരും ഉണ്ടായിരുന്നു. ഒരു മനോ വിഷമവും ഇല്ലെങ്കിലും അവളെ കണ്ടാലോ എന്ന പ്രതീക്ഷയിൽ എത്ര തവണയാണ് ഈ വഴി വന്നിട്ടുള്ളത്? പക്ഷേ പിന്നീടൊരിക്കലും കണ്ടിട്ടില്ല. പാറു. മൂന്നാമത്തെ പ്രണയം.
വഴി വക്കിലെ ഓരോ വീട്ടിലും നോക്കി. ചിലയിടത്ത് വെളിച്ചമുണ്ട്. ചിലത് പൂട്ടിയിട്ടിരിക്കുന്നു. പക്ഷേ എൻ്റെ കണ്ണുകൾ അവയിൽ കുട്ടികളെ തിരക്കി. കുട്ടികൾ എവിടെ? ആർത്ത് തിമർത്ത് വാരാന്ത്യം ആഘോഷിക്കുന്ന കുട്ടികൾ. എങ്ങും കാണാനായില്ല. അവരും പരസ്പരം തുറന്നു സംസാരിക്കാൻ കഴിയാത്ത വണ്ണം ഒരാൾ പൂണെയിലും ഒരാൾ മണ്ണുത്തിയിലുമായി അകന്ന് പോയിരിക്കുമോ?
അമ്പലത്തിനടുത്തെത്തി. ആൽമര ചുവട്ടിലെ നാഗത്താന്മാരെ കണ്ടേ അകത്ത് കയറാറുള്ളൂ. അവിടെ ഇന്ന് വെളിച്ചമില്ല. ഉണങ്ങിയ ഇലകളാണെങ്ങും. ചെരുപ്പ് ഊരാൻ ധൈര്യം വന്നില്ല. പക്ഷേ കണ്ടു വണങ്ങി. ഒന്നുമറിയാത്ത നെറ്റ്‌വർക്ക് അനാലിസിസ് പരീക്ഷയ്ക്ക് തലേന്ന് വന്ന് പറഞ്ഞ അതേ വാക്കുകൾ. പണ്ട് തൊട്ടേ ചോദിച്ചു വരുന്ന ഒരേ പ്രാർത്ഥന അറിയാതെ നാവിൽ വന്നു.
"കണ്ടിട്ട് കുറെ നാളായല്ലോ"
എന്ന് നാഗത്താന്മാർ കുശലം അന്വേഷിച്ചു. കൂടുതൽ വിസ്ഥരിക്കാൻ നിന്നില്ല. എല്ലാം അറിയുന്നവർ അല്ലേ. ഷൂസ് ഊരി അകത്ത് കയറി.
അവിടെ എന്തോ പണി നടക്കുകയാണ്. എങ്ങും പണിസമാനങ്ങൾ. ഏകാഗ്രത കിട്ടുമോ എന്ന് സംശയമായി. ചുറ്റമ്പലത്തിൽ ഇടത് വശത്ത് പ്രതിഷ്ഠിച്ചിട്ടുള്ള നാഗരജാവിനെ വണങ്ങി. പുറത്ത് നിന്നും ജനൽ കമ്പികൾക്കുള്ളിലൂടെ മുരുകനെയും. മഹാദേവൻ്റെ മുന്നിൽ വന്ന് ടീഷർട്ട് ഊരി ഉള്ളിലേക്ക് കടന്നു.
അതിനകത്തും അങ്ങും ഇങ്ങും പൂജാ സാമഗ്രികളും പല ബോർഡുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇവിടേയും ഇരുട്ട് ബാധിച്ചു തുടങ്ങിയോ?
ശ്രീകോവിലിന് അടുത്ത് ചെന്നു. മൂർത്തിയെ ചന്ദനം കൊണ്ട് ഒരുക്കിയിട്ടുണ്ട്. പക്ഷേ അതത്ര ഭംഗിയായി തോന്നിയില്ല. പണ്ടത്തെ ഇവിടത്തെ ശാന്തി വിഗ്രഹം ഒരുക്കുന്നത് കാണണമായിരുന്നു. കാണുമ്പോൾ തന്നെ മനസ്സിന് ആശ്വാസം നൽകുന്ന കലയുടേയും ഭക്തിയുടേയും സമന്വയം.
അതിനു മുകളിൽ ചന്ദനം പൂശാത്ത നടരാജ വിഗ്രഹം. അതിൻ്റെ ചതന്യനം പഴയത് പോലെ തന്നെ. തൊഴുതു. സ്ഥിരം പ്രാർത്ഥനയും സ്ഥിരം ഉത്തരവും വന്നു. സന്തോഷമായി.
ശ്രീകോവിലിന് ചുറ്റും വലം വക്കുന്നതിനിടയിൽ ഗണപതിയെ കണ്ടു വണങ്ങി. ഏത്തമിട്ടു. പണ്ട് ദീപാരാധനയ്ക്ക് അടിക്കാൻ കൊതിച്ച മണി അവിടെ തന്നെയുണ്ട്.
പുറത്തിറങ്ങി ഒരിക്കൽ കൂടി വലം വെച്ച് കൈലാസനാഥനെ പുറത്തു നിന്ന് തൊഴുതു. അവിടെ നിന്ന് നോക്കുമ്പോൾ പഴയ ചൈതന്യം തിരിച്ചു വന്ന പോലെ. പോകുന്ന വരെ ഇനിയും വരണം. അതേ പ്രാർത്ഥന. അതേ ഉത്തരം.
Comments
Post a Comment