അക്ഷര നഗരം
"ഹും.. 😖 കൊച്ചി എത്തി.." മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരു ഹാസ്യ രംഗമാണ് ഇത്.. മുംബൈയിൽ നിന്ന് കാറിൽ നാട്ടിലേക്ക് യാത്ര തിരിച്ച കഥാപാത്രം, ഉറക്കത്തിനിടയിൽ കേട്ട ദുർഗന്ധം മൂലം കൊച്ചി എത്തി എന്ന് കണ്ണൊന്നു ഉയർത്തുക പോലും ചെയ്യാതെ മനസ്സിലാക്കുന്നു. ഹാസ്യത്തിൽ ഒരു സാമൂഹിക വിമർശനം കൂടി ഇവിടെ കലർന്നിട്ടുണ്ട്. നല്ലൊരു കലാ സൃഷ്ടി സമൂഹത്തിന് നേരെ തിരിച്ച് പിടിച്ച ഒരു കണ്ണാടിയാണ് എന്ന് പഠിച്ചത് ഓർത്തു പോയി. ആ രംഗം കണ്ട് ആളുകൾ പൊട്ടിച്ചിരിക്കാൻ ഉണ്ടായ കാരണവും അത് തന്നെ.
കുട്ടിക്കാലം തൊട്ടേ കൊച്ചി എന്ന് കേട്ടാൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ചെറു വീടുകളും, അതിന് മുന്നിലൂടെ ഒഴുകുന്ന ഓടകളും, വൈകുന്നേരങ്ങളിൽ വേട്ടയ്ക്കിറങ്ങുന്ന കൊതുകുകളുമാണ് മനസ്സിൽ. ഞാൻ ഏതാനും മണിക്കൂറുകൾ മാത്രം കണ്ടിട്ടുള്ള കൊച്ചി അതായിരുന്നു.
ഏറെ പറഞ്ഞു കേട്ടിട്ടുള്ള മറൈൻ ഡ്രൈവ് പരിസരത്ത് ചെന്നപ്പോഴോ എങ്ങും പായലിൻ്റെയും മത്സ്യത്തിൻ്റെയും ഗന്ധം. അത്രയും ദൃശ്യഭംഗിയുള്ള ആ സ്ഥലത്ത് പത്ത് മിനിറ്റിൽ കൂടുതൽ ഇരിക്കാൻ മനസ്സ് അനുവദിച്ചില്ല. വ്യവസായങ്ങളുടെയും നാവിക സേനയുടെയും, തുറമുഖത്തിൻ്റെയും, തിരക്കേറിയ ജീവിതങ്ങളുടെയും സാന്നിദ്ധ്യമാവണം, എനിക്ക് പലപ്പോഴും കൊച്ചിയെ ഒരു ചെറിയ മുബൈ ആയി തോന്നിയിട്ടുണ്ട്.
എന്നാൽ വളരെ നാളുകൾക്ക് ശേഷം ഈയിടയ്ക്കാണ് കുറച്ചധികം ദിവസങ്ങൾ കൊച്ചി നഗരത്തിൽ താമസിക്കാൻ അവസരം ലഭിച്ചത്. അവിടേക്കുള്ള യാത്രാ മധ്യേ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ വന്നിറങ്ങിയ എന്നെ വരവേറ്റത്, മെട്രോ സ്റ്റേഷനിൽ ചുവരിൽ ചാർത്തിയിട്ടുള്ള രണ്ട് വരികളാണ്.
"ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?"
കുമാരനാശാൻ്റെ വീണ പൂവ്. വർഷങ്ങളായി മരയലമാരയിൽ പൊടിക്കും ചിതലിനും കൂട്ടായങ്ങനെ കിടന്ന എട്ടാം ക്ലാസ്സിലെ മലയാള പാഠപുസ്തകത്തിൻ്റെ ഈർപ്പം തട്ടിയ ഏടിൻ്റെ മണമായി പെട്ടെന്ന് കൊച്ചിക്ക്.
ഒരു നിമിഷം ഞാനവിടെ സ്തംഭിച്ച് നിന്ന് പോയി. കണ്ണടച്ചപ്പോൾ കാർമേഘം മൂടിക്കെട്ടി പെരുമഴ പെയ്യുന്ന ഒരു വെള്ളിയാഴ്ച്ച. ഉച്ച കഴിഞ്ഞുള്ള ആദ്യത്തെ പീരിയഡ്. ആരും പുസ്തകം തുറക്കേണ്ടതില്ല, കേട്ടിരുന്നാൽ മതി എന്ന് പറഞ്ഞതിന് ശേഷം, ക്ലാസിൻ്റെ ഓല മേഞ്ഞ മേൽക്കൂരയിൽ പെരുമ്പറ കൊട്ടുന്ന മഴയുടെ താളത്തിൽ, തൂങ്ങി കിടക്കുന്ന ഇലക്ട്രിക് ബൾബിൻ്റെ അരണ്ട വെളിച്ചത്തിൽ സിന്ധു ടീച്ചർ വീണ പൂവിൽ, പൂവിന് പ്രണയം തോന്നുന്നത് വർണ്ണാലംകൃതമായ ചിത്രശലഭത്തോടല്ല എണ്ണക്കറുപ്പുള്ള വണ്ടിനോടാണെന്ന് പറഞ്ഞു തന്നു. ബാഹ്യ സൗന്ദര്യത്തേക്കാൾ ശ്രേഷ്ഠം ആന്തരിക സൗന്ദര്യമാണെന്ന് പഠിപ്പിച്ചു. എല്ലാവരും പരിസരം മറന്ന് ഡെസ്കിൽ കൈ വെച്ച് പൂക്കളുടെ മായാലോകത്ത് വിരാജിച്ചങ്ങനെയിരിക്കും. എങ്ങും മഴയുടെ മണം, മഴ വീണ മണ്ണിൻ്റെ മണം, ഈർപ്പം തട്ടിയ ഡെസ്ക്കിൻ്റെ മണം, ചോക്കിൻ്റെ മണം, സൗഹൃദത്തിൻ്റെ മണം.
ഒരു നിമിഷത്തേക്ക് എന്നെ വീണ്ടും പതിമൂന്ന് വയസ്സുകാരൻ ആക്കിയ കൊച്ചിയെ ഒന്ന് കെട്ടി പിടിച്ച് ഒരുമ്മ കൊടുക്കാൻ തോന്നി എനിക്ക്. ആ ദൃശ്യം എനിക്കന്നത്തെ ദിവസം മുഴുവൻ പകർന്ന ഉർജ്ജം വളരെ വലുതായിരുന്നു.
മെട്രോ ഇറങ്ങി എനിക്ക് പോകേണ്ട സ്ഥലം ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ ദേശാഭിമാനി റോഡ്. തൊട്ടപ്പുറത്ത് മാതൃഭൂമി ജംക്ഷൻ, മനോരമ ജംക്ഷൻ. ചുറ്റും മലയാള ഭാഷയിലെ അറിയപ്പെടുന്ന പ്രസാധകർ. ചുറ്റും അക്ഷരങ്ങൾ നിറയുന്ന പോലെ. അധ്യയന വർഷത്തിൻ്റെ തുടക്കം പുതിയ ടെക്സ്റ്റ് ബുക്ക് കിട്ടി, അത് തുറക്കുമ്പോൾ ഉള്ള മണം അവിടമാകെ അലയടിക്കുന്ന പോലെ തോന്നി. അത് തുറന്ന് മുഖത്തോട് അടുപ്പിച്ച് നീട്ടി മണക്കും. ആഹാ. ഒരു അത്തറിനും ആ അനുഭൂതി നൽകാനായിട്ടില്ല ഇത് വരെ. മലയാളം സെക്കൻഡ് ആയിരിക്കും ആദ്യം തുറക്കുക. ക്ലാസ്സുകൾ തുറക്കുന്നതിന് മുമ്പേ അത് വായിച്ചു തീർത്തിട്ടുണ്ടാവും. പാത്തുമ്മയുടെ ആടും, ശബ്ദിക്കുന്ന കലപ്പയും, സ്കൂളിൽ പോകുന്ന ഉണ്ണിക്കുട്ടനും മനസ്സിൽ മിന്നി മാഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം കുടുംബസമേതം ഒരു സായാഹ്നം ചിലവഴിക്കാൻ പറ്റിയ സ്ഥലം ഏതെന്ന് തിരഞ്ഞപ്പോൾ കണ്ടത് ചങ്ങമ്പുഴ പാർക്ക്. മലയാളം കവിത കണ്ട ഏറ്റവും കാല്പനികനായ കവി. The real trend setter.
ചങ്ങമ്പുഴയുടെ തന്നെ വരികൾ കടമെടുത്താൽ
"എവിടെ തിരിഞ്ഞൊന്ന് നോക്കിയാലേ.. അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം"
എന്ന് പറഞ്ഞ പോലെ കൊച്ചി നഗര ഹൃദയത്തിലെ ഇടറോഡുകളിലും കവലകളിലും എങ്ങും മലയാള സാഹിത്യത്തിൻ്റെ ഓർമ്മപ്പെടുത്തലുകൾ. കുമാരനാശാൻ റോഡ്, വള്ളത്തോൾ & ജി. ശങ്കര കുറുപ്പ് റോഡ് എന്ന് തുടങ്ങി ടാഗോർ വരെയുണ്ട് അവിടെ. ചപ്പു ചവറുകളുടെയും, മാലിന്യങ്ങളെയും മണം ഇല്ലാതായിരിക്കുന്നു. ഒരു പുസ്തകക്കടയിൽ കയറി അടുക്കി വെച്ചിരിക്കുന്ന ഷെൽഫിൽ തിരയുന്ന പ്രതീതി. പിന്നീടങ്ങോട്ട് ഓട കാണുമ്പോൾ പി. കേശവദേവിൻ്റെ "ഓടയിൽ നിന്ന്" ഓർമ്മ വരാൻ തുടങ്ങി. അത്ഭുദം എന്ന് തന്നെ പറയണം. കേവലം ചില പേരുകൾക്ക് നമ്മുടെ വീക്ഷണവും മനോഭാവവും മേൽകീഴ് മറിക്കാൻ ഉള്ള കഴിവ്. ഇപ്പോൾ എങ്ങും കടലാസിൻ്റെ മണം, പുത്തൻ പുസ്തകത്തിൻ്റെ പേജുകൾ തുറക്കുന്ന മണം, ഹീറോ പേനയിൽ നിന്നും കുടഞ്ഞ മഷിയുടെ മണം, അക്ഷരങ്ങളുടെ മണം...

Comments
Post a Comment