വേതാളം


ജീവിതത്തിൽ നിന്ന് വിട പറഞ്ഞു പോയ, മരണത്തിന് വേണ്ടാത്ത, നിശ്ചലമായ ഏതോ പാതി വഴിയിൽ നിന്ന് ജന്മം കൊണ്ടവൻ വേതാളം. അവിടെ വെളിച്ചമില്ല, ശബ്ദമില്ല, മണമില്ല, രുചിയില്ല, കാറ്റില്ല, സമയമില്ല. എങ്ങും സിശ്ചലത. എങ്ങും ഇരുട്ട്. സമയത്തിൻ്റേയോ സ്ഥലകാലത്തിൻ്റെയോ, ഉർജ്ജത്തിൻ്റെയോ നിയമങ്ങൾ വിലപ്പോകാത്ത അവിടെ ജന്മത്തിന് എന്ത് പ്രസക്തി? ആയതിനാൽ അവിടെ ജന്മം കൊണ്ടവൻ എന്ന് പറഞ്ഞു കൂടാ. കാലാ കാലങ്ങളായി അവിടെ നില കൊള്ളുന്നവൻ എന്ന് വേണം പറയാൻ. പിന്നീടൊന്ന് ചിന്തിച്ചപ്പോൾ ഇരുട്ടിനേക്കാൽ അവിടം ആലങ്കൃതമാക്കുന്നത് പകലിനും രാത്രിക്കും ഇടയിലുള്ള, അല്ലെങ്കിൽ പാതിരയ്ക്കും പുലർച്ചയ്ക്കും ഇടയിലുള്ള ആ നേരിയ നീല കലർന്ന കാലമാണ്. നാലു ദിക്കിലേക്കും നോക്കെത്താത്ത വിദൂരത. അവിടെ നിന്നും വേതാളത്തിന് ഭൂമിയിൽ വരാം. ജീവനറ്റ ഒരു ശരീരത്തിലൂടെ. സത്ത് നഷ്ടപ്പെട്ട, കേവലം ഇറച്ചിയും എല്ലും തോലും മാത്രമായ, ഉണ്ടാക്കിയ പേരും സമ്പാദ്യവും മനസ്സില്ലാ മനസ്സോടെ ശേഷിക്കുന്നവർക്ക് പങ്കിട്ടെടുക്കാൻ ബാക്കി വെച്ച്, മണ്ണിലേക്ക് ജീർണിക്കാനായി വരുന്ന, വിറങ്ങലിച്ച ഏതൊരു ശരീരത്തിലൂടെയും. ചുടുകാട്ടിലേക്ക് എത്തിയ അത്തരമൊരു ജഡത്തിൽ പ്രവേശിച്ച് വേതാളമങ്ങനെ കിടക്കും, ഇലകളറ്റ ഒരു ചത്ത മരക്കൊമ്പിൽ, തല കീഴായി. 

സമയനിബിഡമല്ലാത്ത ലോകത്ത് നിന്ന് വരുന്ന വേതാളത്തിന് ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെ മൂന്ന് കാലങ്ങളിലേക്കും ഉൾക്കാഴ്‌ച്ചയുണ്ട്. വഴി തെറ്റി വരുന്ന പഥികരുടെ മനസ്സിൻ്റെ
ഇരുളടഞ്ഞ കോണുകളിൽ അവൻ ചികയും. സ്വന്തം നിഴലിനെ പോലും അറിയിക്കാതെ അവർ കൊണ്ട് നടന്ന, ഏറ്റവും വന്യമായ ആസക്തികളെ ഒരൽപ്പം നിഗൂഢതയിൽ പൊതിഞ്ഞ് അവൻ അവരോട് സംവദിക്കാൻ ആരംഭിക്കും. തൻ്റെ ഭൂതകാല തൃഷ്ണകളുടെ തിരിച്ചറിവിൻ്റെ അമ്പരപ്പിൽ നിൽക്കുന്ന അവരിലേക്ക് ഭാവിയുടെ അങ്കലാപ്പ് അവൻ പതിയെ വിതറും, അവർ പോലുമിയാതെ, അമ്പരപ്പിൻ്റെ ഒരു പുകമറ സൃഷ്ടിച്ച് കൊണ്ട്. ചിലപ്പോൾ അതിമോഹത്തിൻ്റെ, ചിലപ്പോൾ ഭയപ്പാടിൻ്റെ. സ്വന്തം വിധി അവരുടെ തന്നെ കൈപ്പിടിയിലാണ് എന്ന മരീജിക അവരിലുണ്ടാക്കി, അവരുടെ മനസ്സും, ചിന്തകളും, പ്രവർത്തികളും നിയന്ത്രിക്കുന്ന മായജാലക്കാരൻ. പക്ഷേ അവൻ അവരോട് ആജ്ഞാപിക്കുകയില്ല, അപേക്ഷിക്കുകയുമില്ല. അവരുടെ മനസ്സിൻ്റെ ഏറ്റവും ഉൾവലിഞ്ഞ താഴ്‌വരയിൽ ഒരു കുഞ്ഞു ചോദ്യം, അല്ലെങ്കിൽ മോഹം, അതും അല്ലെങ്കിൽ സംശയം അവൻ പാകും. പല പാളികൾ പിന്നിട്ട അത് ബോധ മനസ്സിൽ എത്തുന്ന മാത്രയിൽ അതൊരു ജ്വാരമായി അവരുടെ മനസ്സിനെ കാർന്ന് തിന്നാൻ തുടങ്ങിയിട്ടുണ്ടാവും.

സഹായമഭ്യർത്ഥിച്ച സന്യാസി വര്യൻ്റെ യഥാർത്ഥ ഉദ്ദേശം മനസ്സിലാക്കാതെ വേതാളത്തെ പിടിച്ചു കെട്ടാനായി പുറപ്പെട്ട വിക്രമാദിത്യ കഥകളിലൂടെയാണ് ഭൂരിഭാഗം ആളുകൾക്കും വേതാളത്തെ പരിചയം. പിടിച്ചു കെട്ടി തോളിൽ ചുമന്ന് നടക്കുന്നതിനിടയിൽ വേതാളം വിക്രമാദിത്യ മാഹാ രാജാവിനോട് കഥകൾ പറയാൻ ആരംഭിക്കുന്നു. കൃത്യമായ ശെരിയോ തെറ്റുകളോ ചൂണ്ടിക്കാണിക്കാൻ ആകാത്ത വണ്ണം സങ്കീർണ്ണമായ കഥകൾ. കഥയുടെ അവസാനം വേതാളം വിക്രമാദിത്യനോട് ചോദ്യങ്ങൾ ആരായുന്നു. തെറ്റുത്തരമാണ് നൽകുന്നതെങ്കിൽ വിക്രമാദിത്യൻ്റെ തല പൊട്ടി തെറിക്കും. മറിച്ച് ശെരിയുത്തരം ആണെങ്കിലോ, വേതാളം തിരികെ ചുടുകാട്ടിലെ തൻ്റെ മരക്കൊമ്പിലേക്ക് തിരികെ പോകും.

വിട്ടു മാറാത്ത ഒരു ശീലത്തെ, അല്ലെങ്കിൽ എത്ര ശ്രമിച്ചിട്ടും വിട്ടു പോകാത്ത, ഒരു കൂട്ടിനെ ഇന്ന് നമ്മൾ വേതാളത്തോട് ഉപമിക്കുന്നു. മാതൃകയാവേണ്ടവർ, സംരക്ഷണം നൽകേണ്ടവർ, കൂടെ നിൽക്കേണ്ടവർ ഇട്ടെറിഞ്ഞു പോകുമ്പോൾ, താൻ ഒരിക്കലും അത് പോലെയാകില്ല, അവരെ ഓർക്കില്ല എന്ന് ശപഥം ചെയ്തവർ വർഷങ്ങൾക്കിപ്പുറവും അവരെ ഓർത്ത് കരയുമ്പോൾ, താൻ പോലും അറിയാതെ സ്വന്തം ജീവിതത്തിൽ അവർ ബാക്കി വെച്ച അടയാളങ്ങൾ, ഓർമ്മപ്പെടുത്തലകൾ ഇന്നും നീറുമ്പോൾ അതിനെ വേതാളം എന്നല്ലാതെ എന്ത് വിളിക്കാൻ !!! എത്ര ശ്രമിച്ചിട്ടും അടർത്തി മാറ്റാൻ പറ്റാത്ത ഈ ചിന്തകളെ അലറി വിളിച്ചു കൊണ്ട് കീറിയെറിയാൻ വെമ്പുന്ന നമുക്ക് അതിന് കഴിയാത്ത ഈ ശ്വാസം നിലച്ച നിഴലുകൾ തന്നെയല്ലേ വേതാളം..

പക്ഷേ ഇതെല്ലാം കേട്ട് പാഴ്മരക്കൊമ്പിൽ തല കീഴായി കിടക്കുന്ന വേതാളം ചോദിച്ചു "ഈ ചുടുകാട്ടിൻ്റെ എക്കാന്തതയിൽ, മുരളുന്ന കാറ്റിൻ്റെ ഈണവും എരിയുന്ന ജീവൻ്റെ ഗന്ധവും കേട്ട് വെറുതെ കിടന്നിരുന്ന എന്നെ നീ തന്നെയല്ലേ എടുത്ത് തോളിൽ ഇട്ടത് ?"


Comments

Popular posts from this blog

Deja Vu

സ്വപ്നം.. സ്വപ്നം മാത്രം

നിലാവ്