കോഴിക്കോടൻ ബിരിയാണി

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. പുതിയ നാടുകൾ, പുത്തൻ അനുഭവങ്ങൾ തേടുന്ന യാത്രകൾ കണ്ടെത്തലിന്റേതാണെങ്കിൽ, ഒരേ പാതയിലൂടെ വീണ്ടും വീണ്ടുമുള്ള യാത്രകൾ ഓർമ്മപ്പെടുത്തലിന്റെയും പുനരനുഭവങ്ങളുടെയുമാണ്. പൊതുവേ യാത്രകൾ എന്ന് പറയുമ്പോൾ ഒരു  ശരാശരി മലയാളി യുവാവിന്റെ മനസ്സിലേക്ക് ഇപ്പോൾ കടന്നു വരുന്നത് ലടാക്കിലേക്ക് ഒരു ബൈക്ക് ട്രിപ്പോ, അതിർത്തി കടക്കാനുള്ള ഒരു കൗതുകം കൊണ്ട് ബാങ്കോക്കോ പട്ടായയോ, ഹണിമൂൺ ആണെങ്കിൽ ബാലിയോ മാൽ ദീവ്സോ ആണ്. വാഗമണും മൂന്നാറും ഗോവയും അവന് ബോറടിച്ച് തുടങ്ങിയിരിക്കുന്നു. പക്ഷേ ഒന്ന് ശ്രദ്ധിച്ചാൽ ഇവയൊന്നും യാത്രകളല്ല. കുറെ ലക്ഷ്യ സ്ഥാനങ്ങൾ ആണ്. ഉത്ഭവ സ്ഥാനത്ത് നിന്നും ലക്ഷ്യ സ്ഥാനത്തേക്ക് എത്തുന്നതിന് ഇടയിലുള്ള പ്രക്രിയയാണ് യാത്ര. തുടക്കത്തിന്റേയും ഒടുക്കത്തിന്റേയും അന്തരമനുസരിച്ച് യാത്രയുടെ അനുഭവങ്ങളും വ്യത്യസ്തമായിരിക്കും എന്നത് വാസ്തവം. പക്ഷേ ഏത് ചെറിയ യാത്രകളിലും നമുക്ക് ചുറ്റും പുതിയ ജീവിതങ്ങൾ കാണാം, പുതിയ അനുഭവങ്ങൾ നേടാം. 

സ്വന്തം നാട്ടിൽ തന്നെ ഉള്ള, അന്ന് വരെ കാണാത്ത, മുളകൾ ഇട തൂർന്ന് നിൽക്കുന്ന ഒരു മൺ വഴിയിലൂടെ നടക്കുന്നതും, ഇത് വരെ കണ്ണിൽ പെടാത്ത ഒരു നീർച്ചാലിൽ അൽപ്പ നേരം കാലിട്ടിരിക്കുന്നതും, മുൻപ് കേട്ടിട്ടില്ലാത്ത ഒരു പക്ഷിയുടെ കരച്ചിൽ തേടി പോകുന്നതും എല്ലാം യാത്രകൾ തന്നെ.. പര്യവേഷണം തന്നെ. പൂണെയിൽ നിന്നും നാട്ടിലേക്ക് നേരിട്ടുള്ള ട്രെയിനിൽ ടിക്കറ്റ് കിട്ടാതിരുന്ന ഒരു വേളയിൽ ഒരു രാത്രി ബസ്സിൽ ബാംഗ്ലൂർ എത്തി, അന്ന് പകൽ അവിടെ കൂട്ടുകാരുടെ കൂടെ തങ്ങി, അന്ന് രാത്രി നാട്ടിലേക്ക് തിരിക്കുകയുണ്ടായി. പിന്നീട് നാട്ടിലേക്ക് ഉള്ള യാത്രയിൽ അതൊരു പതിവ് രീതിയായി മാറി. ഇടയിൽ ഒരു പകലോ, ഒരു മുഴുവൻ ദിവസമോ ബാംഗ്ലൂർ അല്ലെങ്കിൽ മംഗലാപുരം ചിലവഴിച്ചു. പക്ഷേ ഈ ഇട നേരത്ത് ചിലവഴിച്ചിരുന്നത് അവിടങ്ങളിലെ ദൃശ്യ ഭംഗിയുളവാക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അല്ല.. തെരുവുകൾ.. സാങ്കേതിക വിദ്യകളുടെയും വ്യവസായങ്ങളുടെയും കേന്ദ്ര ബിന്ദു ആയി മാറിയ ഈ പട്ടണങ്ങളിലെ ജീവിതങ്ങൾ കണ്ടു. അവിടെ പടുകൂറ്റൻ കെട്ടിടങ്ങളിൽ ജീവിത സ്വപ്നങ്ങൾ വെട്ടിപ്പിടിക്കാൻ എത്തിയവർ ഉണ്ട്. അങ്ങനെ വന്നവരെ പിഴിഞ്ഞ് ജീവിതം കഴിക്കുന്നവർ ഉണ്ട്. അതിനേക്കാൾ ഉപരി, ലോകം മുഴുവൻ അങ്ങോട്ട് ചേക്കേറുമ്പോൾ, വേഗതയേറിയ ആ പുതിയ ലോകത്ത് പകച്ച് നിൽക്കുന്ന അന്നാട്ടിലെ സാധാരണ മനുഷ്യർ. ഇതെല്ലാം അവിടെ കാണാം. പൊരി വെയിലത്തും, പെരു മഴയിലും, മരം കോച്ചുന്ന തണുപ്പത്തും ഈ തെരുവോരങ്ങളിൽ കാൽനടയായി നടക്കണം. ഈ ജീവിതങ്ങൾ അത് പോലെ കാണാം. തെല്ലും കൂസലില്ലാതെ.

കൊങ്കൺ പാത വഴിയുള്ള യാത്രകൾ വേറിട്ട അനുഭവം തന്നെയാണ്. പ്രത്യേകിച്ച് മഴക്കാലത്ത്. ഇടതൂർന്ന് വളർന്ന പച്ച മലനിരകൾക്കിടയിലൂടെ, വെള്ളച്ചാട്ടത്തിനരികിലൂടെ, തുരങ്കങ്ങളിലൂടെ, മൂടൽ മഞ്ഞിലൂടെ തീവണ്ടിയങ്ങനെ കുതിച്ചു പായും. വെറുതെ കാർവർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നിന്ന് കണ്ണോടിച്ചാൽ തന്നെ കാണാം അതി മനോഹരിയായ പച്ച പ്രകൃതിയെ. പകൽ സമയത്ത് രത്നഗിരി കടന്നു പോകുന്ന ട്രെയിൻ ആണെങ്കിലോ ??? തൂവെള്ള നിറത്തിൽ പാറക്കെട്ടുകൾക്കിടയിലൂടെ താഴേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ...

കൊങ്കൺ യാത്രകളിൽ ഞാൻ ഒരിക്കലും ഒഴിവാക്കാത്ത ഒന്ന് കൂടിയുണ്ട്. അത് പൂണെയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ മാത്രമേ സാധ്യമാവാറുള്ളൂ. തിരിച്ച് അങ്ങോട്ടുള്ള യാത്രയിൽ അതിനുള്ള അവസരം കിട്ടാറില്ല. വണ്ടി തലശ്ശേരി വിട്ടാൽ പതുക്കെ കോച്ച് നമ്പർ 16-17 ലക്ഷ്യമാക്കി ട്രെയിനിന് അകത്ത് കൂടി നടക്കും. സാധാരണ എ.സി. കോച്ചുകൾ അറ്റത്താണ് ഉണ്ടാകാറുള്ളത് എന്നതിനാൽ കുറച്ചധികം നടക്കണം അവിടെയെത്താൻ. ചിലപ്പോൾ പാൻട്രി കാറും മുറിച്ച് കടക്കേണ്ടി വരും. ഏകദേശം ഒരു മണിക്കൂർ കഴിയുമ്പോഴേക്കും വണ്ടി കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയിട്ടുണ്ടാവും. എത്തിയാൽ ഉടൻ നേരത്തെ പേഴ്സിൽ കൃത്യമായി ചില്ലറയടക്കം കരുതി വെച്ചിരിക്കുന്ന 190 രൂപയുമെടുത്ത് ഓടും. സൽകാര റെസ്റ്റോറന്റിന്റെ ഡെലിവറി കൗണ്ടറിലേക്ക്. എപ്പോഴും തിരക്കായിരിക്കും അവിടെ. എന്നാലും വണ്ടി നിർത്തുന്ന 5 മിനിറ്റു നേരത്തിനുള്ളിൽ ഒരു ചിക്കൻ ബിരിയാണി കൈക്കലാക്കാൻ ഞാൻ ശ്രദ്ധിച്ചു. നാട്ടിൽ നിന്നും തിരിച്ചുള്ള യാത്രകളിൽ വണ്ടി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ അല്ല നിർത്താറ്. അതിനാൽ മടക്കയാത്രയിൽ ഈ അവസരം കിട്ടാറില്ല.

കോഴിക്കോടൻ ബിരിയാണി. അത് ഒരു വികാരമാണ്. എവിടെ നിന്നോ ആയിക്കൊള്ളട്ടെ. റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണി ആയാലും, സുഹൃത്തിന്റെ ഉമ്മ വെച്ചത് ആയാലും, കല്ല്യാണപ്പൊരേല് ആ നാട്ടിലെ വെപ്പ് കാരൻ വെച്ചത് ആയാലും, അതിന്റെ രുചി ഒരു വേറിട്ട അനുഭൂതി തന്നെ. എങ്ങനെയാണ് കോഴിക്കോട്ടുകാരുടെ ബിരിയാണിക്ക് ഇത്ര രുചി ?

പിന്നീട് എം.ബി.എ ചെയ്യുന്നതിന്റെ ഭാഗമായി 2 ആഴ്ച കോഴിക്കോട് താമസിക്കാൻ അവസരം ലഭിച്ചു. മുറിയെടുത്തിരുന്നത് ടൗണിൽ ആയിരുന്നു. ആദ്യ ദിവസം കോളജിലേക്ക് ഇറങ്ങാൻ വൈകിയ ഞാൻ ഒരു ഓട്ടോ പിടിക്കാൻ തീരുമാനിച്ചു. 15 കിലോമീറ്റർ ഉണ്ട് കുന്നമംഗലത്തേക്ക്‌‌. ഓട്ടം കിട്ടുന്ന ഓട്ടോക്കാരന് അതൊരു നല്ല കോളായി കാണും എന്ന് കരുതിയ എനിക്ക് തെറ്റി. ഇത്ര ദൂരം പോകണമെന്ന് തിരിച്ചറിയാതെ ഓട്ടോ പിടിച്ച, ആ നാട്ടിൽ വന്ന ഒരു അപരിചിതൻ ആണെന്ന ധാരണയിൽ അയാൾ ആശങ്കാകുലനായി എന്നോട് പറഞ്ഞു "അവിടേക്ക് ഒരുപാട് ദൂരം ഉണ്ട്. പത്ത് ഇരുന്നൂറ് ഉർപ്യ ആവും. ഇവിടെ നിന്നാൽ എപ്പോഴും ബസ്സ് കിട്ടും" കിട്ടുന്ന തക്കത്തിന് മീറ്റർ ചാർജിന് അഞ്ചോ പത്തോ കൂട്ടി ചോദിക്കുന്ന പതിവുകാരെ കണ്ട് തഴമ്പിച്ച എനിക്ക് അതൊരു അത്ഭുതമായിരുന്നു. വർഷങ്ങൾക്ക് മുൻപ്, രാത്രി കോരിച്ചൊരിയുന്ന മഴയത്ത് നാട്ടിൽ നിന്നും തിരുവനന്തപുരം,  തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തി, വീട്ടിലേക്ക് പോകാനായി ഒട്ടോക്കാരുമായി വില പേശുന്ന അച്ഛനെ ഓർമ്മ വന്നു. വില ഒറപ്പിച്ചാലേ അകത്ത് കേറാൻ ഒക്കൂ. അത് വരെ ഒരമ്മയും രണ്ട് കുഞ്ഞുങ്ങളും ഒരു കുടക്കീഴിൽ അങ്ങനെ നിൽക്കും. 

കോഴിക്കോട് ചിലവഴിച്ച രണ്ടാഴ്ച്ചക്കാലം വൈകുന്നേരങ്ങളിൽ വെറുതെ ഇറങ്ങി നടന്നു. മിഠായി തെരുവിൽ, മാനാഞ്ചിറ മൈതാനം, ബീച്ച്, ഫോക്കസ് മാൾ. ഇവിടെയൊക്കെ മറ്റൊരു സുന്ദരമായ കാഴ്ച്ച കാണാനായി. അവിടെ വന്നിരുന്ന പകുതി മുക്കാൽ ആളുകളും കുടുംബ സമേതം ആണ് എത്തിയിരുന്നത്. പ്രത്യേകിച്ച് വാരാന്ത്യ ദിവസങ്ങളിൽ. ഞാൻ എന്നാണ് ഒരു സായാഹ്നം അത് പോലെ ചിലവഴിച്ചത് എന്ന് ആലോചിച്ചു. തിരുവനന്തപുരത്താണ് താമസം എന്നതിനാൽ നാട്ടിൽ നിന്നും, സെക്രട്ടേറിയറ്റ്, പി.എസ്.സി, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പല  ആവശ്യങ്ങൾക്കായി ആളുകൾ എത്തുക പതിവായിരുന്നു. അതിഥികൾ വന്ന ആവശ്യം കഴിഞ്ഞ് തിരിച്ച് പോകുന്നതിന് മുമ്പായി അവരെ തലസ്ഥാന കാഴ്ചകൾക്കായി കൊണ്ട് പോകാറുണ്ടായിരുന്നു . വർഷത്തിൽ ഇത്തരത്തിലുള്ള 3-4 വിരുന്നുകൾ പതിവായിരുന്നെങ്കിലും ഞങ്ങൾ മാത്രമായി എപ്പോഴാണ് ഒരുമിച്ച് ഒരു സായാഹ്നം ഇത് പോലെ ചിലവിട്ടത് ? ഓർത്തെടുക്കാൻ ഞാൻ കുറച്ച് പാട് പെട്ടു. 

ജനസാഗരം ഒഴുകുകയാണ് ഈ തെരുവുകളിൽ. കടൽപുറത്ത് കാറ്റാടിയുമായി ഓടിക്കളിക്കുന്ന കുട്ടികൾ ഉണ്ട്, അവരെ നോക്കി സ്വപ്നങ്ങൾ പങ്ക് വെക്കുന്ന അച്ഛനമ്മമാർ, ഇവർക്ക് മധുരവും കളിപ്പാട്ടവും വിൽക്കുന്ന വഴിയോര കച്ചവടക്കാർ, പട്ടം പറത്തുന്ന മിടുക്കന്മാർ, ഉപ്പിലിട്ട മാങ്ങ വേണമെന്ന് പറഞ്ഞ് വാശി പിടിച്ച് കരയുന്ന കൊച്ചു കുറുമ്പി, ഒരു പ്രധാന ഭക്ഷണ ശാലയിൽ രണ്ട് മൂന്ന് മേശകൾ ചേർത്ത് വെച്ച് ഭക്ഷണം കഴിക്കുന്ന ഒരു വലിയ കുടുംബം. കുട്ടികളും വയോധികരും അടക്കം പത്ത് പതിനഞ്ച് പേരുണ്ട് അവർ. ജീവിതത്തിന്റെ ചെറിയ സന്തോഷങ്ങൾ പിന്നത്തേക്ക്‌ വെക്കാതെ ആഘോഷിക്കുകയാണ് അവർ. നിത്യ ജീവിതത്തിന്റെ എല്ലാ വ്യാകുലതകളും അവരുടെ ജീവിതത്തിലും ഉണ്ടായേക്കാം. പക്ഷേ അതിനിടയിലും അവർ ഇത്തരം ഒത്ത് ചേരലിന് പ്രാധാന്യം നൽകുന്നു. അവർ കണ്ടെത്തുന്ന ഈ സന്തോഷവും, ജീവിതത്തോടുള്ള കാഴ്ചപ്പാടും, നന്മയും ഒക്കെ തന്നെ ആയിരിക്കണം കോഴിക്കോടൻ ബിരിയാണിക്ക് രുചിയേകുന്നത്.




Comments

Popular posts from this blog

Deja Vu

സ്വപ്നം.. സ്വപ്നം മാത്രം

നിലാവ്