രാത്രി
രാത്രിക്ക് എങ്ങനെയാണ് ഇത്ര വശ്യത ?
രാത്രി പ്രതിനിധാനം ചെയ്യുന്നത് മറ്റ് പ്രകൃതിരമണീയതകളെ പോലെ കേവലം മനോഹാരിതയും അമ്പരപ്പും മാത്രമല്ല. അതിൽ ഒരൽപ്പം ഭീതിയുണ്ട്, നിഗൂഢതയുണ്ട്. നമ്മെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നവരേക്കാൾ മനുഷ്യനിഷ്ടം അവന് അത്ര മാത്രം വേണമെന്ന് തോന്നിയ, എന്നാൽ പൂർണ്ണമായും പിടി തരാത്ത, ചിരിയിൽ ഒരൽപ്പം രഹസ്യം സൂക്ഷിക്കുന്നവരെയാണ്. അതെന്താണങ്ങനെ ?
രാത്രിയുടെ സൗന്ദര്യം ആദ്യമായി എന്നെ അമ്പരപ്പിച്ച് പതിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ്. എന്റെ പത്താം ക്ലാസ്സ് പരീക്ഷയും, ചേച്ചിയുടെ പന്ത്രണ്ടാം തര മോഡൽ പരീക്ഷയും വക വെക്കാതെ, ആരെയോ സന്തോഷിപ്പിക്കാനായി ഞങൾ പോയ ഒരു പിറന്നാളാഘോഷ വേളയിൽ. ഒരു ബീച്ച് റിസോർട്ടിൽ വച്ചായിരുന്നു പരിപാടി.
പിറന്നാളാഘോഷവും ആരവങ്ങളും പൊടിപൊടിക്കുന്നു. ഉണ്ടാക്കി ചിരികളും, മാറി നിന്നുള്ള കുറ്റം പറച്ചിലുകളും കൂടെ ഉണ്ട്. ഇതിനോടൊന്നും ഒത്ത് പോകാൻ എനിക്കാകുമായിരുന്നില്ല. ചിന്തകളെ ഉറക്കെ പ്രകടിപ്പിക്കുന്നത് കുട്ടികളുടെ അനുസരണക്കേടായി കാണുന്ന ആ സമൂഹത്തിൽ ഞാൻ ഒരു "നല്ല കുട്ടി" തടവറയിൽ ആയിരുന്നു. "സീരിയസ് മാൻ" എന്നാണ് പൊതുവെ ഉൾവലിഞ്ഞ പ്രകൃതക്കാരൻ ആയ എന്നെ ചില വിധികർത്താക്കൾ അഭിസംബോധന ചെയ്യാറ്. ഈ വീർപ്പുമുട്ടലിന്റെയൊക്കെ ഇടയിൽ ഇരിക്കുമ്പോഴാണ് എന്റെ ഒരു ജ്യേഷ്ഠൻ അൽപ്പം പുക ശ്വസിക്കാൻ തുണയായി വരാൻ എന്നോട് ആവശ്യപ്പെട്ടത്. അത് ഒരു അനുഗ്രഹമായി കണ്ട് ഞാൻ ആ ആഘോഷരാവിൽ നിന്ന് അൽപ്പം മാറി.
റിസോർട്ടിനോട് ചേർന്നു കിടക്കുന്ന സ്വകാര്യ കടൽപ്പരപ്പിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഞങൾ നടന്നു. കടൽക്കാറ്റ് അടിക്കുന്നുണ്ടായിരുന്നു. നടക്കും തോറും വെട്ടവും വഴി വിളക്കുകളും കുറഞ്ഞു വന്നു. പക്ഷേ നല്ല നിലാവ് ഉണ്ടായിരുന്നു. ആഘോഷരാവിന്റെ ശബ്ദ കോലാഹലങ്ങൾ ഒട്ടും കേൾക്കാതെയായിരിക്കുന്നു. കുറച്ചു കൂടി മുന്നോട്ട് ചെന്നപ്പോൾ, അവിടെ ഞങ്ങൾക്കു മുന്നേ സ്ഥലം പിടിച്ച് പുക ആസ്വദിക്കുന്നുണ്ടായിരുന്നു മറ്റൊരു വിദ്വാൻ. എന്റെ കൂടെ വന്ന ജ്യേഷ്ഠൻ ആ വിദ്വാനോട് സൗഹൃദ സംഭാഷണം ആരംഭിച്ചു. മുതിർന്ന വർത്തമാനങ്ങൾ കലർന്ന ശകലങ്ങൾ വന്ന് തുടങ്ങിയപ്പോൾ ഞാൻ അവരെ അതിന്റെ സ്വകാര്യതയിലേക്ക് വിട്ട് കടൽ തീരത്തേക്ക് നടന്നു. അല്ലെങ്കിലും അവരുടെ ശ്വാസം കലർന്ന പുക ഞാൻ ശ്വസിക്കുന്നതെന്തിന് ?
തിരകളുടെ സ്വരം ഉച്ചത്തിൽ കേൾക്കുമാറായി. ആക്രോശിച്ച് അടുക്കുന്ന വൻ തിരയുടെ പ്രകമ്പനം. അത് പിന്നെ കുത്തി ഇടിയുന്ന, തകർന്നു വീഴുന്ന ശബ്ദമായി. അതിനു ശേഷം പതയുന്ന ശബ്ദവും. ചെറു കുമിളകൾ പൊട്ടുന്ന ശബ്ദം വരെ കേൾക്കാമായിരുന്നു. അന്ന് വരെ ഞാൻ രാത്രിയുടെ ഏകാന്തതയിൽ, വഴിയോര വിളക്കുകളുടെ അഭാവത്തിൽ, നിലാവെട്ടത്ത് കടലിനെ കണ്ടിട്ടില്ലായിരുന്നു. അതൊരു അനുഭവം തന്നെയായി. കടലിനു മുകളിലായി പൂർണ്ണതയിലേക്ക് അടുക്കുന്ന ചന്ദ്രൻ. അതിന്റെ വെളിച്ചം നേർ രേഖ പോലെ കടൽ വെള്ളത്തിൽ പ്രതിഫലിക്കുന്നു. ആ കാഴ്ച്ച പകർന്നു നൽകിയ ഭാവങ്ങൾ ഏതാണെന്ന് എനിക്ക് ഇന്നും അറിയില്ല. തിരകളുടെ അലർച്ച എന്നിൽ ഭീതി ജനിപ്പിച്ചു. പയ്യെ വീശിയടിക്കുന്ന കടൽ കാറ്റ് സാന്ത്വനവും. പക്ഷേ അതിനെക്കാളേറെ എന്നെ അവിടെത്തന്നെ നിൽക്കാൻ പ്രേരിപ്പിച്ചത് മാടി വിളിക്കുന്ന ചന്ദ്ര ബിംബത്തിന്റെ നിഗൂഢതകൾ ആയിരുന്നു. വിളിക്കുന്നത് പുൽകാനാണോ പുതയ്ക്കനാണോ എന്നറിയാത്ത ഒരു വശ്യ സൗന്ദര്യം പോലെ. കേട്ടു മറന്ന കെട്ടുകഥകളിൽ, യക്ഷി വിളിക്കുമ്പോൾ അനുഗമിക്കുന്നവരും ഇതേ വശ്യതയിൽ മതി മറന്നിട്ടായിരിക്കും ചെന്നിട്ടുണ്ടാവുക.
Comments
Post a Comment