ആട് ഒരു ഭീകര ജീവിയാണ്


റൊണാൾഡോ, സിദാൻ, ബെക്കാം, ഐ എം വിജയൻ, ബയ്ചുങ്‌ ഭൂട്ടിയ... ഫുട്ബോൾ എന്ന് കേട്ടാൽ ആകെ അറിയാവുന്ന പേരുകൾ ഇവയൊക്കെ ആയിരുന്നു. തൊണ്ണൂറുകളുടെ അവസാന കാലം. ക്ലബ്ബ് ഫുട്ബോൾ എന്നൊരു ആശയം ഉണ്ടെന്ന് തന്നെ അന്ന് അറിവില്ല. പത്രത്തിൽ വരുന്ന വാർത്തകളിലൂടെ ഫുട്ബോളിനെയും താരങ്ങളെയും ആരാധിച്ചിരുന്നു.
പിന്നീട് കേബിൾ ടിവി എടുത്ത സമയത്താണ്‌ അന്താരാഷ്ട്ര മത്സരങ്ങൾ കാണുവാൻ തുടങ്ങിയത്. ആദ്യമായി പൂർണ്ണമായി കണ്ട ടൂർണമെന്റ് 2004 യൂറോ കപ്പ്. പങ്കെടുക്കുന്ന ടീമുകളുടെ പട്ടികയിൽ വിജയികളാവനുള്ള സാധ്യതയുടെ ക്രമത്തിൽ ഏറ്റവും അവസാന സ്ഥാനത്ത് നിന്ന ഗ്രീസ് അന്ന് എല്ലാവരെയും അട്ടിമറിച്ച് കിരീടമണിഞ്ഞപ്പോൾ കാൽപന്ത് കളിയോടുള്ള ആവേശം ഇരട്ടിച്ചു. ലോക കപ്പിന് മുൻപായി അതിന്റെ ചരിത്രം വിളമ്പുന്ന ചാനലുകൾ പെലെയേയും മറഡോണയേയും എനിക്ക് പരിചയപ്പെടുത്തി.

ഒരു ഹൈ സ്കൂൾ കാലഘട്ടം ഒക്കെ ആയപ്പോഴേക്കും ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു സുഹൃത്ത് വലയം എനിക്കുണ്ടായി. അവർ എനിക്ക് ക്ലബ്ബ് ഫുട്ബോളിനെ പരിചയപ്പെടുത്തി. മൂന്ന് പതിറ്റാണ്ടുകളായി താഴേക്കിടയിൽ സ്ഥാനമുണ്ടായിരുന്ന, അവിടെ നിന്നും ഉയിർത്തെഴുന്നേറ്റ് 2005, 2006 വർഷങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ചെൽസി ആയി എനിക്ക് പ്രിയം. എന്നും ഞങ്ങളുടെ ഇടയിൽ ഫുട്ബോൾ ചർച്ചകൾ സജീവമായി. 

അങ്ങനെ ഫുട്ബോൾ ഭ്രമം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം സ്പെയിനിൽ നിന്ന് ഒരു പതിനെട്ട് കാരനെ പറ്റിയുള്ള വാഴ്ത്തലുകൾ കേട്ടു തുടങ്ങി. അവനെ ലോക മാധ്യമങ്ങൾ റൊണാൾഡീഞ്ഞോയുമായും മറഡോണയുമായും താരതമ്യം ചെയ്തു.
സ്പാനിഷ് ലീഗ് മത്സരങ്ങൾ ഇന്ത്യൻ സമയം വളരെ വൈകി സംപ്രേക്ഷണം ചെയ്യുന്നതിനാൽ അവ കാണാൻ മെനക്കെട്ടില്ല. 

അങ്ങനെ ആ ദിവസം വന്നെത്തി. 2007 ഏപ്രിൽ 18. കോപ്പ ഡെൽ റേ ടൂർണമെന്റിന്റെ സെമി ഫൈനൽ. ബാഴ്സലോണയും ഗെറ്റാഫെയും തമ്മിൽ. കളിയുടെ ഇരുപത്തിയെട്ടാം മിനിറ്റിൽ സെന്റർ ലൈനിൽ വെച്ച് പന്ത് കാലിൽ കിട്ടിയ ലിയോണൽ ആന്ദ്രേ മെസ്സി എന്ന പത്തൊമ്പത്കാരൻ ഡ്രിബിൾ ചെയ്ത് ഡ്രിബിൾ ചെയ്ത് അഞ്ച് ഗെറ്റാഫെ കളിക്കാരെയും പിന്നിട്ട് പെനൽറ്റി ബോക്സിൽ എത്തി, പാഞ്ഞടുത്ത ഗോൾ കീപ്പറെ വെട്ടിച്ച് വലം കാലു കൊണ്ട് തൊടുത്ത ഷോട്ട് ഗോൾ വല ചലിപ്പിച്ചു. ആ മത്സരം തൽസമയം കണ്ടിരുന്നില്ല. എന്നാൽ പിറ്റേന്ന് ഞങ്ങളുടെ ഇടയിലും കായിക മാധ്യമങ്ങളിലും അത്ഭുത ബാലൻ ചർച്ചയായി. ആ ഗോൾ എത്ര തവണ പിന്നീട് കണ്ടു എന്നറിയില്ല. അത്ര മനോഹരമായിരുന്നു അത്. ഒരു കടുത്ത മെസ്സി ആരാധകൻ ആവുകയായിരുന്നു ഞാൻ. നീട്ടി വളർത്തിയ മുടി കാറ്റിൽ പറത്തി ഞൊടിയിടയിൽ ദിശ മാറിയുള്ള ആ ഡ്രിബ്ലിങ് ഒരഴക് തന്നെ ആയിരുന്നു.

ഇന്ന് ആറ് ബാല്ലോൺ ഡി ഓർ അവാർഡുകളും യൂറോപ്പ്യൻ ഗോൾഡൺ ഷൂ അവാർഡുകളും നേടി നിൽക്കുന്ന ഈ സമയത്തും ആ അഴക് അത് പോലെ തന്നെ. ക്ഷണനേരം കൊണ്ട് ദിശ മാറ്റാൻ ഉള്ള കഴിവും, ബാലൻസ് നഷ്ടപ്പെടാതെ ശരവേഗത്തിലുള്ള കുതിപ്പും, പാഞ്ഞടുക്കുന്ന ഗോൾ കീപ്പറുടെ മുന്നിൽ പതറാതെ വളരെ ലാഘവത്തോടെ പന്ത് ചിപ്പ്‌ ചെയ്ത് ഗോൾ വലയിൽ എത്തിക്കുന്നതിനും എല്ലാം ഒരു വശ്യ സൗന്ദര്യമുണ്ട്. അത് തന്നെയാണ് അദ്ദേഹത്തെ GOAT എന്ന് ലോകം വിളിക്കുന്നത്. (Greatest Of All Time). കാൽ പന്ത്  കളിയെ സ്നേഹിക്കുന്ന ആർക്കും ഈ പ്രതിഭയെ വിസ്മരിക്കാൻ ആവില്ല. 

നാളെ 33 ആം ജന്മദിനം ആഘോഷിക്കുന്ന ലിയോ ക്ക് ഹൃദയം നിറഞ്ഞ ജന്മിനാശംസകൾ. ഇനിയും ഒരുപാട് വർഷങ്ങൾ കായിക പ്രേമികൾക്ക് പ്രചോദനമാകാൻ ഫീൽഡിൽ ഉണ്ടാവട്ടെ. അടുത്ത ലോക കപ്പ് അർജന്റീനയ്ക്ക് നേടി കൊടുക്കാൻ കഴിയട്ടെ. ഇന്നത്തെ മത്സരത്തിൽ കരിയറിലെ 700 ആം ഗോളും നേടി ജന്മദിനം ആഘോഷിക്കാൻ കഴിയട്ടെ. 

എല്ലാവരും മെസ്സിയെ താരതമ്യം ചെയ്യുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായിട്ടാണ്‌. കഠിനാധ്വാനത്തിന്റെയും പവർ ഷോട്ടുകളുടെയും അഗ്രകണ്യനായ റൊണാൾഡോ വളരെ മികച്ച കായിക താരം തന്നെയാണ്. പക്ഷേ റൊണാൾഡോയുടെ ശൈലി ഒരു ലേഖനം ആണെങ്കിൽ, മെസ്സിയുടേത് ഒരു കവിതയാണ്. കാവ്യ ഭംഗിയുള്ള, ചൊല്ലാൻ ഇമ്പമുള്ള ഒരു സുന്ദര കവിത. 

ഈ ആട് (GOAT)  ഒരു ഭീകര ജീവി തന്നെയാണ്.

Comments

Popular posts from this blog

Deja Vu

സ്വപ്നം.. സ്വപ്നം മാത്രം

നിലാവ്