ഇന്നലെ കണ്ട സ്വപ്നം
വെള്ള നിറത്തിലുള്ള സർപ്പമുണ്ടോ ?
ഞാൻ കണ്ടതാണ് ആ ഉഗ്രരൂപിയെ. തൂവെള്ള നിറത്തിൽ, ഇടവിട്ട് ഇടവിട്ട് തവിട്ട് നിറത്തിലുള്ള വരകളുള്ള പത്തി, പൊക്കിയങ്ങനെ നിൽക്കുന്നത്. ചുവന്ന കണ്ണുകളാൽ അതെന്നെ നോക്കി, നാക്കു നീട്ടി. നിലത്തു നിന്ന് പൊങ്ങി നിൽക്കുന്ന പത്തി തന്നെ എന്റെ നെഞ്ചോളം വരും.
ചുറ്റി പിണഞ്ഞു കിടക്കുന്ന അതിന്റെ ഉടൽ വെയിലത്ത് തിളങ്ങുന്നുണ്ടായിരുന്നു. കൊടും വിഷം ഇറ്റുന്ന വിഷ ധംഷ്ട്രകളുടെ ഇടയിലൂടെ നാക്ക് നീട്ടി, ചീറ്റിക്കൊണ്ട് അത് ഇരു വശങ്ങളിലേക്കും ആഞ്ഞു കൊണ്ടിരുന്നു. അതിനെ കണ്ട ഞെട്ടലിൽ ഞാൻ നിലത്ത് വീണു. നിരങ്ങി നിരങ്ങി പുറകോട്ടു നീങ്ങി. അപ്പോഴാണ് അവിടെ മറ്റാരോ ഉള്ളത് എന്റെ ശ്രദ്ധയിൽ പെട്ടത്. ഒരു മുണ്ട് ഉടുത്ത്, ഷർട്ടിടാതെ ഏകദേശം ഒരു വയസ്സ് പോലും തികയാത്ത കൈ കുഞ്ഞിനെയും എടുത്ത് കൊണ്ട് ഒരച്ഛൻ. അയാൾ ഒട്ടും ഭയമോ ശങ്കയോ കൂടാതെ ആ സർപ്പത്തിന്റെ അടുത്തേക്ക് പോയി. ലാഘവത്തോടെ അതിനെ തൊട്ടു. അല്ല തലോടി. ഒന്നും മനസ്സിലാകാത്ത ഞാൻ അങ്കലപ്പോടെ, നെഞ്ചിടിപ്പോടെ, കിതയ്ക്കുന്ന ശ്വാസത്തിൽ അത് നോക്കി ഇരുന്നു.
അയാൾ ആരാണെന്ന് എനിക്കൊരു രൂപവുമില്ല. മുഖം നല്ല ഓർമയുണ്ടെങ്കിലും, പരിചയമുള്ള ആരുമായും സാമ്യം തോന്നിയില്ല. നീല കുപ്പായം ധരിച്ച ആ പിഞ്ച് കുഞ്ഞിനെയും ഞാൻ വ്യക്തമായി കണ്ടു. നീട്ടിയെഴുത്തിയ കണ്ണുകളും, കരിവളകളും അണിഞ്ഞ ആ ചുരുളൻ മുടിക്കാരൻ കൈ മുകളിലേക്കും താഴേക്കും ഇട്ടടിച്ച് തന്റേതായ ഭാഷയിൽ എന്തൊക്കെയോ കൂക്കി വിളിച്ച് രസിക്കുന്നുണ്ടായിരുന്നു. പക്ഷേ അവർ എങ്ങനെ അവിടെയെത്തി ? സംഭവം നടക്കുന്നത് എന്റെ വീടിന്റെ തട്ടിൻ പുറത്താണ്. അതിനുള്ള ഉത്തരം എനിക്കറിയില്ലായിരുന്നു. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും, തൂവെള്ള നിറമുള്ള നാഗത്തിന്റെ ചുവന്ന കണ്ണുകൾ കൊണ്ടുള്ള നോട്ടവും, ചീറ്റുന്ന ശബ്ദവും ഓർമയിൽ നിർത്തി ഞാൻ ഉണർന്നു.
സ്വപ്നങ്ങൾ അങ്ങനെയാണ്. പൂർണ്ണത ഉണ്ടാവില്ല. അതീവ ഗുരുതരമായ ഏതോ ഏതോ അവസ്ഥയിൽ മല്ലിട്ട് നിൽക്കുന്ന ദൃശ്യങ്ങൾ ആയിരിക്കും കൂടുതലും സ്വപ്നങ്ങളിൽ. ആരിൽ നിന്നെങ്കിലും ഓടിയോളിക്കുന്നതോ, എന്തിനെയെങ്കിലും പിന്തുടരുന്നതോ ഒക്കെ ആയിരിക്കും മിക്കതും. പക്ഷേ അതിന്റെ പര്യവസാനത്തിന്റെ പാരമ്യതയിൽ നമ്മൾ ഉണരും. നമ്മൾ ആരിൽ നിന്നാണോ ഓടിയോളിച്ചത്, അവർ നമ്മെ കണ്ടെത്തി ഞെരിക്കുന്ന മാത്രയിൽ, നമ്മൾ എന്തിനേയാണോ പിന്തുടർന്നിരുന്നത്, അതിനടുത്തെത്തി അതിനെ തൊടുന്ന മാത്രയിൽ നമ്മൾ ഉണരും. ഒരൽപ്പം നിഗൂഢത ബാക്കി വെച്ച്, ആ രംഗം എങ്ങനെ പര്യവസാനിച്ചു എന്ന് അറിയാതെ. ഒരിക്കലും അറിയാതെ.
ഉണർന്നു കഴിഞ്ഞാൽ ഒരു ആശ്വാസമാണ്. ഇത് വരെ അനുഭവിച്ച യാതനകൾ ഒന്നും യാഥാർത്ഥ്യമായിരുന്നില്ല എന്ന ആശ്വാസം. അനുഭവിച്ചത് എന്ന് പറഞ്ഞാൽ പോര, ജീവിക്കുക തന്നെയായിരുന്നു നാം. ഉണരുന്ന ആ നിമിഷം വരെ വേദനയും, ഭയവും, സന്തോഷവും, ദുഃഖവും എല്ലാം മനസ്സ് തൊട്ടറിഞ്ഞ യാഥാർത്ഥ്യങ്ങളാണ്. എത്ര രാത്രികളിലാണ് കരഞ്ഞു കൊണ്ട് എണീറ്റിട്ടുള്ളത് ? ഇതിലെ വിരോധാഭാസം എന്തെന്നാൽ എഴുന്നേറ്റ നിമിഷങ്ങൾക്കകം തന്നെ സ്വപ്നങ്ങളുടെ വിശദാംശങ്ങൾ മനസ്സിൽ നിന്ന് മാഞ്ഞു പോകും. ചിലപ്പോൾ മുഴുവനായും. പക്ഷേ അപ്പോഴും നമ്മൾ അതിൽ അനുഭവിച്ച വികാരങ്ങൾ നില നിൽക്കും. എന്തോ സന്തോഷകരമായ ഒന്ന്, അല്ലെങ്കിൽ വളരെ വിഷമകരമായ ഒന്ന്, അല്ലെങ്കിൽ ഭയപ്പെടുത്തുന്ന ഒന്നാണെന്ന് മാത്രം ഓർമയിൽ തങ്ങി നിൽക്കും. അതെന്താണെന്ന് മാത്രം എത്ര ചികഞ്ഞാലും ഓർത്തെടുക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാലും ആ നേരനുഭവത്തിന്റെ തീക്ഷണതയിൽ നമ്മൾ എന്തിനെന്നറിയാതെ കരയും, ചിരിക്കും, ഭയന്നു വിറയ്ക്കും.
സ്വപ്നങ്ങളെ വ്യാഖ്യാനിച്ച് നിത്യ ജീവിത്തിന്റെ അർത്ഥ തലങ്ങളായി സ്വീകരിച്ച ഒരു കാലമുണ്ടായിരുന്നു. നമ്മെ നയിക്കുന്ന ഏതോ അദൃശ്യ ശക്തിയുടെ ജല്പനങ്ങളാണത്രേ സ്വപ്നങ്ങൾ.
ഉപബോധ മനസ്സിൽ പലപ്പോഴായി നമ്മൾ പോലും അറിയാതെ കടന്നു കൂടിയ ചിന്താ ശകലങ്ങളുടെ ഒരു വികൃതമായ തുന്നിച്ചേർക്കൽ ആണ് സ്വപ്നങ്ങൾ എന്ന ഏകദേശ ധാരണ ഉണ്ടെങ്കിലും, ഇന്നലെ കണ്ട തൂവെള്ള സർപ്പത്തിന്റെ വ്യാഖ്യാനം കണ്ടെത്താൻ ഞാൻ ഒരു ശ്രമം നടത്തി.
ഏറ്റവും മുകളിൽ സ്വർഗമാണ്. മനുഷ്യൻ മുകളിലേക്ക് നോക്കിയാൽ കാണുന്ന തെളിഞ്ഞ ആകാശവും പഞ്ഞിക്കെട്ടുകൾ കണക്കെ ഒഴുകി നടക്കുന്ന മേഘങ്ങളും സ്വർഗ്ഗത്തിലെ നിറഞ്ഞു നിൽക്കുന്ന നന്മയുടെയും സമൃദിയുടെയും പ്രതിബിംബങ്ങൾ ആയിരിക്കാം. എല്ലാ ഇന്ദ്രിയങ്ങൾക്കും ഇമ്പവും ആനന്ദവും പകരുന്ന കാഴ്ചകളും, നാദങ്ങളും, സൗരഭ്യങ്ങളും നിറഞ്ഞ സ്വർഗ്ഗം.
അതിന് താഴെ ഭൂമി. സ്വർഗത്തിലേക്ക് കണ്ണും നട്ട്, അവിടെ എത്തിച്ചേരാനുള്ള കുറുക്കുവഴികളെ പരതുന്നവരുടെ ലോകം. ഒരുപാട് നന്മ ചെയ്യുന്നവർ, ചെയ്യുന്ന നന്മയുടെ കണക്ക് സൂക്ഷിക്കുന്നവർ, സ്വർഗ്ഗം ഇല്ലെന്ന് വിശ്വസിച്ച് എല്ലാവരും ചെയ്യാൻ കൊതിക്കുന്ന പാപം ചെയ്യുന്നവർ.. എല്ലാം ഇവിടെയുണ്ട്.
അതിനും താഴെയാണ് പാതാളം. സ്വർഗ്ഗവും, ഭൂമിയും കടന്ന് സൂര്യ വെളിച്ചം പോലും കടന്ന് ചെല്ലാത്തൊരിടം. സ്വന്തം മനസ്സിന്റെ കൊതി, ശെരി തെറ്റുകൾ നോക്കാതെ ഏതറ്റം വരെയും പിന്തുടരുന്നവരുടെ നാട്. അവിടെയാണ് നാഗ ലോകവും.
കശ്യപ മഹർഷിയുടെയും ദക്ഷന്റെ മകളായ കദ്രുവിന്റെയും മക്കളാണ് നാഗങ്ങൾ. കശ്യപന്റെ തന്നെ മറ്റൊരു ഭാര്യയും കദ്രുവിന്റെ സഹോദരിയും ആയ വിനതയും കദ്രുവും തന്റെ പുത്രന്മാർ മറ്റ് മനുഷ്യരെക്കാൾ മികച്ചതായിരിക്കണം എന്ന് കശ്യപനോട് ആവശ്യപ്പെട്ടു. ആയിരം സന്താനങ്ങളെ വരവേറ്റ കദ്രി ആയിരം നാഗങ്ങൾക്ക് ജന്മം നൽകി. ആയിരം പുത്രന്മാർക്ക് പകരം ശക്തരായ രണ്ട് സന്താനങ്ങൾ മതിയെന്ന് തീരുമാനിച്ച വിനതയ്ക്ക് പിറന്ന മക്കളാണ് പകുതി മനുഷ്യനും പകുതി പക്ഷിരാജനും ആയ ഗരുഡനും അരുണനും.
പകുതി മനുഷ്യനും പകുതി സർപ്പഭാവവും കുടി കൊള്ളുന്ന നാഗങ്ങൾ ഭൂമിക്കും പാതാളത്തിനും ഇടയിൽ, മനുഷ്യര്‍ക്കും അസുരന്മാർക്കും ഇടയിൽ എവിടെയോ നാഗ കുലമായി വാണു. നാഗ സഹോദരങ്ങളിൽ മൂന്ന് പേരെയാണ് നാഗരാജൻ എന്ന് അഭിസംബോധന ചെയ്യുന്നത്.
അവരിലെ ഏറ്റവും മുതിർന്ന ജ്യേഷ്ഠൻ ആണ് "ശേഷൻ". അനന്തശയനത്തിൽ പദ്മനാഭ ദാസനായ "അനന്തൻ" എന്ന ശേഷൻ, സർപ്പങ്ങളുടെ രക്ഷക ഭാവത്തെ പ്രതിനിധാനം ചെയ്യുന്നു. മനുഷ്യന് അത്ര അഭികാമ്യമല്ലാത്ത, ധാന്യങ്ങളും മറ്റ് അവശ്യ സാമഗ്രികളും ഉപയോഗശൂന്യമാക്കുന്ന, മൂഷികാധി ജീവികളെ തുരത്തുന്ന പാമ്പുകളെ ഈ പുരാണ വസ്തുതയുമായി ചേർത്തു വയ്ക്കാം.
അടുത്തതായി നാഗരാജൻ എന്ന പഥം അലങ്കരിച്ചിട്ടുള്ളത് "വാസുകി" ആണ്. നാഗമാണിക്യം ശിരസ്സിലേന്തി നടക്കുന്ന നാഗമാണ് വാസുകി. ത്രിമൂത്തികളിൽ സംഹാരത്തിന്റെ മൂർത്തിയായ ശിവന്റെ കണ്ഠത്തിന് അലങ്കാരമായി നില കൊള്ളുന്ന വാസുകി നാഗങ്ങളുടെ സഹായ മനോഭാവത്തെ പ്രതിനിധീകരിക്കുന്നു. പാലാഴി മഥന സമയത്ത് മന്ദര പർവതത്തെ ചുറ്റി വരിഞ്ഞ് കടയാൻ സഹായിച്ച വാസുകി, ആ വിശേഷണം അന്വർഥമക്കുന്നു.
മൂന്നാമതായി നാഗരാജൻ എന്ന് വിശേഷിപ്പിക്കുന്നത് തക്ഷകനെയാണ്. ഭീതിയുടേയും പ്രതികാരത്തിന്റെയും പ്രതീകമാണ് തക്ഷകൻ. പണ്ട് അർജ്ജുനന്റെ നേതൃത്വത്തിൽ കാണ്ഡവ വനത്തിൽ നിന്നും പഞ്ച പാണ്ഡവർ തക്ഷകനെയും മറ്റ് നാഗ പ്രജകളെയും തുരത്തിയോടിക്കുകയുണ്ടായി. അവർ തക്ഷശില എന്ന സ്ഥലത്ത് അവരുടെ രാജ്യം വീണ്ടും ഉയർത്തെടുത്തു. ഇതിന് തക്ഷകൻ പകരം വീട്ടിയത് അർജ്ജുനന്റെ രണ്ടാം തലമുറക്കാരനായ പരീക്ഷിത്തിനെ വിഷം തീണ്ടിയിട്ടാണ്. ഋഷി ശാപം നിമിത്തം സർപ്പത്തിന്റെ കടിയേൽക്കാതിരിക്കാൻ സമുദ്രത്തിനു നടുവിൽ കോട്ട കെട്ടി അഭയം പ്രാപിച്ച പരീക്ഷിത്തിനെ, ഭക്ഷ്യ വസ്തുക്കൾക്കിടയിൽ ഒരു പുഴുവായ് വന്ന് ഉഗ്രരൂപിയായി മാറി തക്ഷകൻ പ്രതികാരം പൂർത്തീകരിച്ചു.
ഞാൻ ഇന്നലെ കണ്ട സർപ്പം ഇതിലേതാണ് ? അതിന്റെ മുഖത്ത് സൗമ്യതയോ കരുണയോ തെല്ലും ഇല്ലായിരുന്നു. ശേഷനോ വാസുകിയോ ആവാൻ യാതൊരു സാധ്യതയും ഇല്ല. ചോര നിർമുള്ള അതിന്റെ കണ്ണുകളിൽ പ്രതികാരത്തിന്റെ ഛായ മിന്നി മറഞ്ഞിരുന്നു. തക്ഷകൻ തന്നെ. പക്ഷേ തക്ഷകന് വെള്ള നിറമാണോ ? അറിയില്ല. ഒരു പുഴുവായി വരെ രൂപം മാറാൻ കഴിവുള്ള തക്ഷകന് നിറം മാറാനും കഴിയുമായിരിക്കും. അതോ ഭീതിജനകമായ ആ രൂപത്തിലും നന്മയുണ്ട് എന്ന സൂചനയാണോ അതിന്റെ വെള്ള നിറം? ഒരു പിഞ്ചു കുഞ്ഞ് പോലും താലോലിക്കുന്ന എന്നെ നീ ഭയക്കേണ്ടതില്ല എന്ന സന്ദേശമാണോ ഇത് ? ആയിരിക്കും. ഭീകര രൂപിയാണെങ്കിലും അതിന് എന്നോട് ഒരു വിദ്വേഷവും ഉള്ളതായി എനിക്ക് തോന്നിയില്ല. എന്നെ ഉപദ്രവിക്കാനുള്ള ഒരു ലക്ഷണവും അത് കാട്ടിയില്ല. നേർക്കു നേർ അതിന്റെ മുന്നിൽ നിന്നപ്പോൾ ഒരു പ്രതിബിംബത്തിൽ നോക്കുന്ന പോലെ.
Comments
Post a Comment