ദൃഷ്ടാന്തം

    


     കണ്ണുകളിൽ ക്ഷീണം തങ്ങി നിൽക്കുന്നു. പുലർച്ചെ നാലര മണി കഴിഞ്ഞിട്ടേ ഉള്ളൂ. അലാറം അടിക്കാൻ ഇനിയും ഒന്നര മണിക്കൂറുണ്ട്. പക്ഷേ ഉറങ്ങാൻ കഴിയുന്നില്ല. എപ്പോഴോ കണ്ണുകളടഞ്ഞു തുറന്നപ്പോൾ അഞ്ചേ കാൽ. ഇനിയും സമയം ബാക്കി. കുഞ്ഞു നല്ല ഉറക്കത്തിലാണ്. അവനെ കെട്ടി പിടിച്ച് ഒരു ശ്രമം കൂടെ നടത്തി. കണ്ണുകൾ അടഞ്ഞു. പക്ഷേ മനസ്സ് ഉറങ്ങിയില്ല. സമയം തള്ളി നീക്കി ആറുമണി ആയപ്പോൾ കിടക്കയിൽ നിന്ന് എണീറ്റു. 

            മോനിക്ക വന്ന് പാചകം തുടങ്ങി. അടുക്കളയിൽ നിന്ന് അവളുടെ ഏറ്റവും പ്രിയപ്പെട്ട ഘരം മസാലയുടെ  മണം കേട്ട് തുടങ്ങി. അതോടൊപ്പം അവളുടെ തുമ്മലുകളും. 

        കുഞ്ഞുവിനെ എഴുന്നേൽപ്പിക്കുന്നത് പല ഘട്ടങ്ങൾ ഉള്ള ഒരു നീണ്ട പ്രക്രിയ ആണ്. ആറേ മുക്കാൽ തൊട്ട് ഏഴുമണി വരെ ഒരു മൂന്ന് നാലു വട്ടം തട്ടി വിളിക്കും. അപ്പോഴേക്കും എന്റെ പ്രഭാത കർമ്മങ്ങൾ കഴിഞ്ഞിരിക്കും. ഏഴ് മണിക്ക് അവനെ എടുത്ത് ബാത്ത് റൂമിലേക്ക് കൊണ്ട് പോകും. തോളിൽ ചാരി ഉറങ്ങുകയാവും അവൻ. തുടുത്ത കുഞ്ഞി കവിളത്ത് പത്ത് പന്ത്രണ്ട് ഉമ്മകൾ. എന്നിട്ട് താഴെ നിർത്താൻ ശ്രമിക്കും. അവൻ ഒരു കൊവാല കുഞ്ഞിനെ പോലെ എന്റെ കഴുത്തിൽ അള്ളി പിടിക്കും. ഞാൻ അവനോട് പറയും. “Last One?” അവൻ മൂളും. അല്ലെങ്കിൽ തലയാട്ടും. ഒരു രണ്ട് മിനിറ്റ് കൂടെ കഴിഞ്ഞ് വീണ്ടും താഴെ നിർത്തിയാൽ പിന്നെ അവന്റെ ദിവസം തുടങ്ങുകയായി. പലപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട് അവന്റെ ഈ പെരുമാറ്റം. ഒരിക്കൽ Last One എന്ന് സമ്മതിച്ചാൽ പിന്നീട് വിളിക്കുമ്പോൾ അവൻ ഇത് വരെ മടി കാണിച്ചിട്ടില്ല. വാക്കിന് വിലയുള്ളവനാകട്ടെ. 

                ഈ രണ്ട് ആഴ്ച്ച അവനെ സ്കൂളിന് തയ്യാറാക്കി വിടേണ്ടത് ഞാനാണ്. കൂടെ ഓഫീസിലേക്ക് പോകാൻ സ്വയം തയ്യാറാവുകയും വേണം. 

              പാചകം കഴിഞ്ഞ് മോനിക്ക പോയി. സമയം ഏഴര കഴിഞ്ഞു. ഞങ്ങളുടെ ഗിയർ മാറ്റേണ്ട സമയമായി. സ്കൂൾ ബസ് ഏഴേ നാൽപ്പത്തിന് വരും. അത് കാലാ കാലങ്ങളായി കിട്ടാറില്ല. ഞാൻ സ്കൂട്ടറിൽ കൊണ്ടാക്കുകയാണ് പതിവ്. അതിന് ശേഷം നേരെ ഓഫീസിലേക്ക്. എട്ടര ആകുമ്പോൾ ഓഫീസിലെത്തും. ഒമ്പത് മണി വരെ സമയമുണ്ട്. സാവധാനം പ്രാതൽ കഴിക്കാൻ. 

    കുഞ്ഞുവിനെ തയാറാക്കുന്നതിനിടയിൽ സമയം ഇഴഞ്ഞു നീങ്ങുന്നത് നോക്കിക്കൊണ്ടേയിരുന്നു. ഏഴേ മുക്കാൽ കഴിഞ്ഞു. അല്പം വെപ്രാളം കൂടി. മുടി ചീകാൻ ചീർപ്പ് തപ്പിയിട്ട് കാണുന്നില്ല. അവന്റെ ടൈം ടേബിൾ എടുത്ത് വെക്കണം. എന്റെ ബാഗ് പാക്ക് ചെയ്യണം. അതിനിടയ്ക്ക് മുടി ചീകേണ്ടെന്ന് വെച്ചു. അവന്റെ ബാഗും ടിഫിൻ ബാഗും ഒരു വിധം ഒരുക്കി ഹാളിൽ വന്നപ്പോൾ അതാ ഡൈനിംഗ് ടേബിളിൽ ചീർപ്പ്.  നീ ചെയ്യേണ്ടത് ചെയ്യുക. നിനക്ക് ആവശ്യമുള്ളത് ആവശ്യമുള്ള സമയത്ത് നിന്നിൽ എത്തിച്ചേരും എന്നാരോ പറഞ്ഞ പോലെ. ഇതാദ്യമായല്ല.

    അവന്റെ മുടി ചീകിയൊതുക്കി സമയം നോക്കിയപ്പോൾ ഏഴേ അമ്പത്തഞ്ച്. എന്റെ ബാഗും കൂടി എടുക്കാൻ നിന്നാൽ സ്കൂൾ ഗേറ്റ് അടയ്ക്കും. അതിനാൽ  അവനെ സ്കൂളിലാക്കി തിരികെ വന്നെടുക്കാം എന്ന് തീരുമാനിച്ചു. മോനിക്ക ഉണ്ടാക്കി വെച്ച പനീർ പറാട്ട കഴിക്കുകയും ചെയ്യാം. പുറത്തു നിന്ന് ഭക്ഷണം കഴിക്കേണ്ട. വൈകിയാലും വീട്ടിൽ ഉണ്ടാക്കിയത് കഴിച്ചിട്ട് പോയാൽ മതിയെന്ന് ആരോ ശഠിച്ചത് പോലെ.

        കൃത്യ സമയത്ത് തന്നെ ഞങ്ങൾ എത്തി. അവനെ ഗേറ്റിനകത്താക്കി. അവൻ നടന്ന് സ്കൂൾ കെട്ടിടം എത്തുന്ന വരെ നോക്കി നിന്നു. കുട്ടികൾ എന്തും തരണം ചെയ്യും. അവർക്കതിന് കഴിയുമോ എന്ന മാതാപിതാക്കളുടെ ആധി മാത്രം ബാക്കിയാകും. കുഞ്ഞു ജനിച്ച പിറ്റേന്ന് ബിലിറൂബിൻ കൂടിയതിനാൽ NICU ലേക്ക് മാറ്റിയപ്പോൾ അന്നും ആ വാതിലിന് പുറത്ത് ഞാൻ ഇതുപോലെ നിന്നിരുന്നു. അവൻ അവിടെ ഒറ്റയ്ക്ക് എങ്ങനെ കഴിയും എന്ന ആധിയോടെ . പക്ഷേ ഇടയ്ക്ക് നഴ്സ് വാതിൽ തുറക്കുന്ന വിടവിലൂടെ നോക്കുമ്പോൾ തെല്ല് കൂസലും ഇല്ലാതെ സുഖമായുറങ്ങുകയായിരുന്നു എല്ലാ കുഞ്ഞുങ്ങളും. 

        തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ചിന്തിച്ചത്, എന്നാലും ആരാണ് കൃത്യ സമയത്ത് എന്നിലേക്ക് ഓരോ വസ്തുക്കളും ചിന്തകളും എത്തിക്കുന്നത് എന്നായി. മൂന്ന് ഡൈമെൻഷനുകൾ വശമുള്ള മനുഷ്യൻ അതുപയോഗിച്ച് വിനിനയം നടത്തുന്ന പോലെ, നമുക്ക് വളരെ പരിമിതമായ അറിവുകൾ മാത്രമുള്ള സമയ രേഖയുടെ ഇരു വശത്തേക്കും ഉൾക്കാഴ്ച്ചയുള്ള ആരെങ്കിലും ചെയ്യുന്നതാണെങ്കിലോ ? സമയത്തിൽ വരുത്താൻ കഴിയുന്ന ഇത്തരം ചെപ്പടി വിദ്യകൾ മാത്രമായിരിക്കും അവർക്ക് നമ്മളോട് സംവദിക്കാൻ ഉള്ള ഏക മാർഗം. അതിനെ തള്ളിക്കളയില്ല. മനസ്സിനോട് ചേർത്തു വെയ്ക്കും. ഇതു പോലുള്ള നിമിത്തങ്ങൾക്കായി, ദൃഷ്ടാന്തങ്ങൾക്കായി ഇനിയും കാത്തിരിക്കും. 

    ഇതങ്ങനെയൊന്നുമല്ലെന്ന് വിശ്വസിക്കണമെങ്കിൽ പിന്നെ അത്, പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത്, എന്നും ഉറങ്ങുന്നതിന് തൊട്ട് മുൻപ് അരികിൽ വരാറുള്ള യക്ഷി ആയിരിക്കണം. അല്ലെന്ന് തോന്നുന്നു. അവളെ പൂനെയിൽ വെച്ച് ഇത് വരെ കണ്ടിട്ടില്ല.

    വീട്ടിലെത്തി ഭക്ഷണം കഴിച്ചു ബാഗുമെടുത്ത് പുറത്തിറങ്ങി വാതിലടച്ചു. വീണ്ടും ഐഡി കാർഡ് എടുക്കാൻ മറന്നിരിക്കുന്നു. തിരിഞ്ഞ് വാതിൽ തുറക്കാൻ പോക്കറ്റിൽ നിന്ന് താക്കോൽ പുറത്തെടുത്തു. താക്കോൽ പഴുതിൽ ഇടുന്നതിനു മുൻപ് ഒന്ന് മടിച്ചു. ശബ്ദമുണ്ടാക്കാതെ വാതിലിൽ ചെവി ചേർത്ത് വെച്ചു. അകത്ത് ആരെങ്കിലും എന്റെ മറവിയെ ശകാരിക്കുന്നുണ്ടോ ?

Comments

Popular posts from this blog

Deja Vu

സർപ്പപ്പാട്ട്

ഇരുട്ട്