മഴയുടെ മണം
മഴയുടെ മണമെന്താണ് ?
ആദ്യ മഴയ്ക്കെത്തുന്ന നനഞ്ഞ മണ്ണിന്റെ മണം ആയിരിക്കും എല്ലാവരുടെയും മനസ്സിലേക്ക് ഓടിയെത്തുക. എല്ലാവർക്കും അങ്ങനെയാണോ ? എല്ലായ്പ്പോഴും അങ്ങനെയാണോ ?
കുട്ടിക്കാലത്ത് അത് തന്നെയായിരുന്നു മഴയുടെ മണം. അത് മഴയുടെ തന്നെ മണമായിരുന്നു എന്ന് വരെ ഞാൻ കരുതിയിരുന്നു. മഴ പെയ്ത് നെൽ പാടങ്ങളും തോടുകളും നിറഞ്ഞൊഴുകും. മഴ മാറിയാൽ അതിൽ ചൂണ്ടയിടാൻ പോകാം. മുറ്റത്ത് കെട്ടി നിൽക്കുന്ന വെള്ളത്തിൽ കടലാസ് തോണികൾ ഉണ്ടാക്കി കളിക്കാം.
മഴ കൊണ്ട് പനി വന്നാലോ ?
പനിയുടെ മണമാണ്. അതേ. പനിക്കും ഒരു മണമുണ്ട്. മഴച്ചാറ്റൽ കൊള്ളതിരിക്കാൻ വാതിലും ജനലും അടച്ചിട്ട മുറിയിൽ തങ്ങി നിൽക്കുന്ന മരുന്നുകളുടേയും വിക്ക്‌സിന്റേയും മണം. കലശ്ശലായ പനിയിൽ ഛർദ്ദിച്ചതിന്റെ ശേഷിപ്പുകൾ തങ്ങി നിന്ന കുട്ടിക്കുപ്പായത്തിന്റെ മണം. പൊടിയരിക്കഞ്ഞിയുടെയും ബന്നിന്റെയും റസ്കിന്റെയും മണം. ചുക്കു കാപ്പിയുടെ മണം. അമ്മ ഉഴിഞ്ഞിട്ട് കത്തിച്ച മുളകിന്റെ മണം.
പിന്നീട് നഗരത്തിലേക്ക് ചേക്കേറിയപ്പോൾ നിറഞ്ഞൊഴുകുന്ന ഓടയുടെ മണമായി മഴയ്ക്ക്. കോളജിലേക്ക് പോകും വഴി തിക്കി നിറഞ്ഞ ബസ്സിൽ മറ്റുള്ളവർ ചെളി പുരണ്ട കാലു കൊണ്ട് ചവിട്ടാതെ നോക്കി തൂങ്ങിയാടി നിൽക്കുമ്പോൾ, നനഞ്ഞ ഇരുമ്പിന്റെ മണം. ഷട്ടറുകൾ ഇട്ട് ശ്വാസം മുട്ടിയുള്ള ആ യാത്രയിൽ ഒരു ഗൾഫുകാരൻ ഉണ്ടെങ്കിലോ ? ഇതിനെല്ലാം മിശ്രിതമായി മുക്കിൽ തുളച്ചു കയറുന്ന അത്തറിന്റെ മണം.
ജോലിക്കായി അന്യനാട്ടിൽ ഒറ്റയ്ക്ക് പോയപ്പോൾ മുറിയിലാകെ ഉണക്കാൻ നിർവാഹമില്ലാത്ത നനഞ്ഞ തുണിയുടെ നേർത്ത മണം. അത് തന്നെയാണ് ഏകാന്തതയുടെ മണം എന്ന് തോന്നുന്നു. അവിടെ നിന്നും ശീതീകരിച്ച കാറിലേക്ക്. അതിൽ നിന്നിറങ്ങി നേരെ കൊട്ടിയടച്ച ഓഫീസ് കെട്ടിടത്തിലേക്ക്. അവിടെ മഴയറിയില്ല, വെയിലറിയില്ല, രാത്രിയോ പകലോ എന്ന് അറിയില്ല. എങ്ങും എപ്പോഴും പ്രകാശം. എങ്ങും എപ്പോഴും തണുപ്പ്. എങ്ങും എപ്പോഴും സുഗന്ധം. അവിടത്തെ തണുപ്പും വായു സഞ്ചാരവും വരെ ഞങ്ങളുടെ തലതൊട്ടപ്പൻമാരായ ബ്രിട്ടീഷ് കമ്പനിക്കാർക്ക് അവിടെയിരുന്ന് നിയന്ത്രിക്കാമത്രേ! ശാസ്ത്രത്തിന്റെ വളർച്ച! അതോ എന്റെ ശ്വാസോ്ഛ്വാസം പോലും അവരുടെ കൈകളിൽ ആണെന്നാണോ ?
Comments
Post a Comment