ജീവി

അതി പുരാതനമായ ഒരു ഭീകര ജീവി. ഭീമാകാരനായ അതിന് ഒരു കുന്നോളം വലിപ്പം വരും. നടക്കുന്ന മാത്രയിൽ നിലം കുലുങ്ങും. ഓരോ കാൽ വെപ്പിലും പ്രകമ്പനങ്ങൾ ഉണ്ടാകും. അമറുന്ന സ്വരത്തിൽ അത് മുക്ക്രയിട്ടപ്പോൾ മരക്കൊമ്പിലിരുന്ന പക്ഷികൾ ചിതറി പറന്നു. നാൽക്കാലിയായ അത് പതിയെ നടന്ന് ഒരു തടാകത്തിൽ വന്ന് വെള്ളം കുടിച്ചു. ചെമ്മരിയാടിൻ്റേത് പോലുള്ള വളഞ്ഞ കൊമ്പുകളുണ്ട് അതിന്. സസ്യാഹാരി ആണെന്ന് തോന്നുന്നു. കൂർത്ത പല്ലുകൾ ഇല്ല. വെള്ളം കുടി കഴിഞ്ഞ അത്, പതിയെ തടാകത്തിൻ്റെ മറു കരയിലേക്ക് നടന്നു. വെള്ളം അതിൻ്റെ കാൽ പാദം മൂടുന്ന അത്രയേ ഉള്ളൂ. ഓരോ കാൽ വെപ്പും വെള്ളത്തിൽ അലയടിച്ച് ഓളങ്ങൾ സൃഷ്ടിച്ചു. വർണ്ണ മത്സ്യങ്ങൾ ദിശയില്ലാതെ നീന്തി. അതിൻ്റെ നടത്തത്തിന് ഒരു താളമുണ്ടായിരുന്നു. മന്ദം മന്ദം തടാകം കടന്ന് അത് മറുകരയിൽ കിടപ്പുറപ്പിച്ചു. 

നാല് കാലുകളും മടക്കി, കമിഴ്ന്ന്, തല നിലത്ത് വെച്ച്, ഒരു പശുക്കിടാവിനെ പോലെ അത് കിടന്നു. കിടന്ന് മയക്കമായി, മയക്കം ഉറക്കമായി, ദിവസങ്ങളുടെ ഉറക്കം, മാസങ്ങളുടെ, വർഷങ്ങളുടെ, നൂറ്റാണ്ടുകളുടെ, കാലങ്ങളുടെ ഉറക്കം. ആദ്യമാദ്യം അതിൻ്റെ ശ്വാസം ഉറക്കെ കേൾക്കാമായിരുന്നു, ശരീരം ശ്വാസത്തിന് അനുസരിച്ച് പൊങ്ങിയും താണും കൊണ്ടിരുന്നു. പക്ഷേ മാറി മാറി വന്ന മഴയും, വേനലും, മഞ്ഞും അതിൻ്റെ പുറത്ത് മണ്ണും, ചെളിയും വാരി പൂശി. നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ ചെളിയുടെയും, മണ്ണിൻ്റെയും കവചം പല പാളികൾ പിന്നിട്ടു. അതിൽ പുല്ലും, പായലും, പച്ചപ്പും അരിച്ചു കയറി. ഏതോ പേരറിയാത്ത പക്ഷികൾ തിന്നു കാഷ്ടിച്ച വിത്തുകൾ അവിടെ വീണ് മുളച്ചു. നാമ്പുകൾ പൊട്ടി വിരിഞ്ഞു. പടു വൃക്ഷങ്ങളായി വളർന്നു. അതിൽ വീണ്ടും പക്ഷികൾ വന്നിരുന്നു. 

കാലങ്ങൾ കടന്നു പോയി, പേമാരിയും, പ്രളയവും, ഉൽക്കകളും പതിച്ചു. ജീവജാലങ്ങളും ആവാസ വ്യവസ്ഥയും മാറി മറഞ്ഞു. അതി ശൈത്യവും ഭൂപടത്തിൻ്റെ വേർപാടുകളും സംഭവിച്ചു. പക്ഷേ ഇതൊന്നുമറിയാതെ ആ ജീവി ഉറങ്ങി. എത്ര ഗാഢമായ നിദ്രയായിരിക്കണം അത് !!! നാം എന്നാണ് അങ്ങനെ ശാന്തമായി ഉറങ്ങിയിട്ടുള്ളത്?

ഒടുവിൽ ഏറ്റവും നല്ല തലച്ചോറുള്ള മനുഷ്യൻ എന്ന ജീവജാലം പരിണമിച്ചു. ഇതു പോലെയുണ്ടായ പല കുന്നുകളും വെട്ടി നിരത്തി. ഒടുവിൽ അവ തൻ്റെ നിലനിൽപ്പിന് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരു കൂട്ടർ അതിനെ സംരക്ഷിച്ചു. 

അങ്ങനെ ഒരു നാൾ, ഇന്ന് യുവാക്കളുടെ ഇഷ്ട വിഹാര കേന്ദ്രമായ ആ തടാകത്തിൻ്റെ കരയിൽ, ഒരു സായാഹ്ന സന്ധ്യയിൽ ആ ജീവി കണ്ണു തുറന്നു. തടാകത്തിൻ്റെ പടിഞ്ഞാറൻ ചക്രവളത്തിൽ താഴുന്ന സൂര്യനെ നോക്കി നിന്ന ആളുകൾ പതിയെ അവരുടെ പല വിധ നേരം പോക്കുകളിൽ ഏർപ്പെട്ടു. ചിലർ ടെൻ്റ് കെട്ടുകയാണ്. ക്യാമ്പിംഗ് ഇന്ന് അവിടെ നല്ലൊരു കച്ചവടമാണ്. നേരം ഇരുട്ടുന്നതിന് മുമ്പ് ഒരു തവണ കൂടി തടാകത്തിൽ മുങ്ങാൻ പോകുന്നവർ ഉണ്ട്. കുട്ടികളുമായി പന്ത് കളിക്കുന്നവർ ഉണ്ട്. ഇവർക്കെല്ലാം വിളമ്പാനായി പലഹാരങ്ങൾ ഉണ്ടാക്കുന്നവർ ഉണ്ട്. ഇവരെയെല്ലാം നോക്കി ജീവിയങ്ങനെ കിടന്നു. ഒന്ന് ചലിക്കുക പോലും ചെയ്യാതെ. രാത്രി മയങ്ങി. സൂര്യാസ്തമയത്തിൻ്റെ നിറമാർന്ന ചാരുത പോയിരിക്കുന്നു. അന്തരീക്ഷത്തിന് തണുപ്പ് ഏറിത്തുടങ്ങി. ഏതോ രാത്രി പൂക്കുന്ന പൂവിൻ്റെ ഗന്ധം അവിടമാകെ പടർന്നു. തടാകത്തിന് ഇപ്പോൾ ആ പഴയ രസം കലർന്ന സൗന്ദര്യമല്ല. വശ്യതയാണ്. ആ ഇരുട്ടിൽ അവിടം വരെ ഒറ്റയ്ക്ക് പോകാൻ ആരും ഒന്ന് ഭയക്കും. തനിക്കറിയാത്ത എന്തോ ഒന്ന് അവിടെ പതുങ്ങി ഇരിപ്പുണ്ടെന്ന തോന്നലാണ് ഒരുവനെ പുറകോട്ട് വലിക്കുക. തടാകത്തെ തഴുകി മൂളി മുരണ്ട് മറുകരയിൽ എത്തിയ കാറ്റിൽ, രാത്രിയിൽ തൻ്റെ പച്ചപ്പിനെ മറച്ച് കറുത്തിരുണ്ട കുന്നുകളിലൊന്നിൽ തിളങ്ങുന്ന രണ്ട് പച്ച കണ്ണുകൾ ഞാൻ കണ്ടു. ഞാൻ മാത്രമേ കണ്ടുള്ളൂ. ആ കണ്ണുകൾ ഇമ ചിമ്മാതെ എന്നെ തന്നെ നോക്കുന്നതായി എനിക്ക് തോന്നി. അല്ല.. അതിന് അവിടമാകെ കാണാനാകുമായിരിക്കും.പക്ഷേ അതൊന്ന് അനങ്ങുക പോലും ചെയ്യുന്നില്ല. നിശബ്ദനായി എല്ലാം വീക്ഷിക്കുകയാണ്. നൂറ്റാണ്ടുകളുടെ മാറ്റം ഉൾക്കൊള്ളുകയായിരിക്കും. പക്ഷേ ആ മാറ്റങ്ങൾ  ഇഷ്ടമാകാതെ അത് പെട്ടെന്ന് എണീറ്റ് 
ഓടിയടുത്താൽ ??? ഹൊ!!! അറിയാതെ ഉള്ളം കാലിൽ നിന്നൊരു കോരി തരിപ്പ് അരിച്ചു കയറി. ആ രൂപം ഞാനൊന്ന് മനസ്സിൽ കണ്ടു. പതിയെ മുൻ കാലുകൾ കുത്തി തലയുയർത്തി, പിൻ കാലുകൾ കൂടി നിവർത്തിയുള്ള ആ നിൽപ്പ്. കാലാ കാലങ്ങളായി അങ്ങനെയൊരു സാന്നിധ്യം അറിയാത്ത ആളുകൾക്ക് അതൊരു മലയിടിച്ചിലായേ ആദ്യം തോന്നൂ. ചെളിയും ചേറും അതിൻ്റെ ദേഹത്തു നിന്നും ഉതിർന്നു വീണു കൊണ്ടേയിരിക്കും. തൊലി മുഴുവൻ ചെളിയും പായലും കൊണ്ട് ആലങ്കൃതമായിരിക്കും, കുന്നിൻ മുകളിൽ വളർന്നു നിന്നിരുന്ന ചെടികളുടെയും മറ്റും വള്ളികൾ അങ്ങിങ്ങായി തൂങ്ങി കിടക്കുന്നുണ്ടാകും. നേരെ നിന്നാൽ പിന്നെ ഒരു കുടച്ചിൽ. നിലാവത്ത് അതിൻ്റെ കൊമ്പുകൾ തിളങ്ങും. ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു.

ഇവരോട് ഓടാൻ പറഞ്ഞാലോ ? ആര് കേൾക്കാൻ !!! എല്ലാവരും ആഹ്ലാദ തിമർപ്പിലാണ്. ആ സായാഹ്നത്തിൻ്റെ ആൾക്കൂട്ടത്തിൽ അവരവരുടെ ലോകത്ത് വിരാജിക്കുകയാണ്. ഇവരിതൊന്നും കാണുന്നില്ലേ ? അവരോട് അലറി വിളിക്കാൻ ഞാൻ കൊതിച്ചു. ഒടുവിൽ എങ്ങനെയോ പ്രാണ സഖിയെ ആ കൂട്ടത്തിൽ നിന്നും വലിച്ചെടുത്ത് ഞങ്ങൾ വന്ന സ്കൂട്ടറിൽ വെച്ച് പിടിച്ചു. ഞാൻ എന്തിനാണ് ഇത്ര വെപ്പ്രാളപ്പെടുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. തണുത്ത ആ രാത്രിയിൽ മലനിരകൾക്കിടയിലൂടെ ഞങ്ങളുടെ ആക്ക്ടിവ അതിവേഗം പാഞ്ഞു. എത്രയും പെട്ടെന്ന് നഗര ഹൃദയത്തിലെത്തണം. അപ്പോഴതാ... ചുറ്റുമുള്ള ഇരുണ്ട കുന്നുകളിലെല്ലാം പച്ച കണ്ണുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി..

പൂണെ നഗരത്തിൽ നിന്നും 40 Km അകലെയുള്ള മുൽഷി ഡാമിൽ ഒരു സായാഹ്നം ചിലവഴിക്കാൻ പ്രിയതമയുമൊത്ത്  പോയി വരും വഴി ചുറ്റുമുള്ള മലനിരകളിൽ അങ്ങിങ്ങായി തെളിയുന്ന വിളക്കുകൾ കണ്ടപ്പോൾ തോന്നിയ വട്ട് !!! 



Comments

Popular posts from this blog

Deja Vu

സ്വപ്നം.. സ്വപ്നം മാത്രം

നിലാവ്